വികടശിരോമണി
രവീന്ദ്രനാഥടാഗോർ പറഞ്ഞവയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വാചകം,അദ്ദേഹം കുട്ടികളോടു പറഞ്ഞതാണ്.അത് “കുട്ടികളേ,നിങ്ങൾ പ്രസംഗിച്ചുപഠിക്കരുത്,അതു പാപമാണ്”എന്നാണ്.
അദ്ദേഹത്തിനു നന്നായറിയാമായിരുന്നു,മൌനത്തിന്റെ വില.അനന്തമായ ആകാശത്തിന്റെ നിശ്ശബ്ദതയ്ക്കും,വിശ്രാന്തിയില്ലാത്ത കടൽപ്പരപ്പിന്റെ പ്രക്ഷുബ്ധതയ്ക്കും മുന്നിൽ ആർപ്പുവിളികളുയർത്തുന്ന കുട്ടികളെപ്പറ്റി സ്വപ്നം കണ്ട ആ മഹാപ്രഭുവിന് അറിയില്ലെങ്കിൽ പിന്നെ ആർക്കറിയുമത്?മുതിർന്നവർ ചെയ്യുന്ന പ്രസംഗപാപം കുട്ടികളോടു പറഞ്ഞുകൊടുത്തിട്ടു കാര്യമൊന്നും ഉണ്ടായില്ല.ആ തലമുറയേക്കാളും ഭീഷണമായി പ്രസംഗത്തൊഴിലാളികൾ വന്നു,ടാഗോർ അഭിസംബോധനചെയ്ത കുട്ടികളുടെ തലമുറയിൽ നിന്ന്.
കുട്ടികളെ പ്രസംഗിച്ചുതോൽപ്പിക്കുക എന്നത് മുതിർന്നവരുടെ ഒരു ദുശ്ശീലമാണ്.അങ്ങനെ ചെയ്താലേ മുതിർന്നവർക്കു സമാധാനമാവൂ.അതിനുള്ള ഏറ്റവും മികച്ച ന്യായമാണ് “ഞാൻ നിന്നെക്കാൾ കുറേ ഓണം കൂടുതൽ ഉണ്ടവനാണ്”എന്നത്.ഉണ്ണാനായി മാത്രം ജീവിച്ച ഒരു തലമുറയ്ക്കു മാത്രം പറയാൻ പറ്റിയ രൂപകം.വിശേഷാൽപ്രതികളിൽ കാണുന്ന പൊയ്‌പ്പോയ ഓണത്തെപ്പറ്റി ഉള്ള കണ്ണീരൊലിപ്പിക്കലിനും വേറെ അർത്ഥമൊന്നുമില്ല.പൂക്കളൊന്നും പഴയ പോലെ ചിരിക്കുന്നില്ല എന്നതു മുതിർന്നവരുടെ മാത്രം വ്യഥയാണ്.പൂക്കളിപ്പോഴും ചിരിക്കുന്നുണ്ട്;അതു കാണാൻ കുട്ടികളും ഉണ്ട്.അവരുടെ കണ്ണുകളെ എങ്ങനെ ഞങ്ങളുടെ കണ്ണുകളെപ്പോലെ നരപ്പിച്ചെടുക്കാം എന്ന അന്വേഷണത്തിനാണ് ‘അമ്മാവൻ കോംപ്ലൿസ്’എന്നു പറയുക.അതു നമുക്കു ബൂലോകത്തും സുപരിചിതമാണ്.
കുട്ടികളുടെ കണ്ണുകൾ പൊത്തി,നാം വിഷുവിന് ഒരു നല്ല കാഴ്ച്ച കുട്ടികൾക്കു കൊടുക്കും.അതു പോലെ കണ്ണുപൊത്തി കുട്ടികളെ നടത്താനും,ഒരു കണി കാണിച്ചുകൊടുക്കാനും ഒരു ദിവസമേ പറ്റൂ.മുതിർന്നവരുടെ ധാരണ,കുട്ടികളുടെ കണ്ണുകൾ എന്നും പൊത്തിപ്പിടിച്ചു നടത്തിയാൽ അവർ ഞങ്ങൾ കാണിച്ചുകൊടുക്കുന്ന കണികൾ മാത്രമേ കാണൂ എന്നാണ്.പക്ഷേ,കുട്ടികളുടെ കണ്ണിലെ കെട്ടുകൾ അഴിയുകയാണ്.അതിനു മുതിർന്നവർ ദേഷ്യപ്പെട്ടിട്ടു കാര്യമൊന്നും ഇല്ല.
ഈ ഓണത്തിന് രണ്ടു ഓണപ്പരിപാടികളിൽ പങ്കെടുത്തു.രണ്ടിടത്തു നിന്നും കേട്ടു,പൊയ്‌പ്പോയ നല്ലകാലത്തെപ്പറ്റിയുള്ള ദീനരോദനങ്ങൾ.നൊസ്റ്റാൾജിയ എന്ന നൊസ്സിനുള്ള പ്രധാനകുഴപ്പം,അതിനു കടിഞ്ഞാണില്ല എന്നതാണ്.കണ്ണുകളിൽ നക്ഷത്രങ്ങൾ തിളങ്ങുന്ന കുട്ടികൾക്കു മുന്നിൽ,ഒരു ബുദ്ധിജീവി ഒന്നരമണിക്കൂർ വിളമ്പിയ “നൊസ്സാൾജിയ”കേട്ടിട്ട് ഇത്തവണ തോലാഞ്ചം വന്നു.“അതൊരു കാലം!” എന്നു പറഞ്ഞ് ഒരു നെടുവീർപ്പുമിട്ടാൽ തീരുന്ന വിഷയം,ഒന്നരമണിക്കൂറിലേക്കു റബ്ബർവൽക്കരിക്കാനുള്ള നമ്മുടെ ബുദ്ധിജീവികളുടെ വൈഭവം ഭയങ്കരം തന്നെയാണ്.“വാചകാരാജ”എന്ന മത്സരത്തിൽ പങ്കെടുക്കുകയാണെന്നു തോന്നുന്നു,നമ്മുടെ ബുദ്ധിരാക്ഷസന്മാർ.
വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞുകേട്ട സഖാവ് ആലിമമ്മദിനെ ഓർമ്മവരുന്നു.
പഴയ കോഴിക്കോട്ടുകാർക്ക് ആലിമമ്മദിനെ അറിയുമായിരിക്കുമെന്നു തോന്നുന്നു.തീപ്പൊരി പ്രാസംഗികനാണ്.ഒരു പ്രസംഗം എന്നുവെച്ചാൽ ഒരു മൂന്ന്-നാല് മണിക്കൂർ ആണ് കണക്ക്.കമ്യൂണിസത്തിന്റെ ഉൽപ്പത്തി,പുറപ്പാട് പുസ്തകം മുതൽ വെളിപ്പാടു വരെ പറയും.ഒരിക്കൽ എ.കെ.ജി വരുന്ന ഒരു മീറ്റിങ്ങ്.എ.കെ.ജി അന്നു ജനനായകൻ,ആരാധ്യൻ.പൂഴിയിട്ടാൽ നിലത്തു വീഴാത്ത ജനത്തിരക്ക്.എല്ലാവരും എ.കെ.ജി.യെ കാത്തു നിൽക്കുകയാണ്.പെട്ടെന്നൊരാൾ വന്നു പറയുന്നു,എ.കെ.ജി വരാനൽപ്പം വൈകും.എന്താണു പോവഴി?സംശയമെന്ത്?സഖാവ് ആലിമമ്മദിനെ കയറ്റുക തന്നെ.കയറ്റി.മൈക്കിന്റെ കൊങ്ങയ്ക്ക് പിടിച്ച്,ആലിമമ്മദ് പ്രയോഗം,ഛെ,പ്രസംഗം ആരംഭിച്ചു.സാർവ്വദേശീയം.ദേശീയം എന്നിങ്ങനെ പല മരക്കൊമ്പത്തു തൂങ്ങി,പ്രാദേശികത്തിലേക്കു വീഴാൻ തുടങ്ങുമ്പോൾ അതാ വരുന്നു എ.കെ.ജി!അദ്ധ്യക്ഷൻ കുറേ മുരടനക്കി,തോണ്ടി,അവസാനം ഒരു പേപ്പർ തുണ്ടിൽ “സ്റ്റോപ്പ്”എന്നെഴുതിക്കൊടുത്തു….മമ്മദിനു കുലുക്കമില്ല.കുറേ നേരം കഴിഞ്ഞു.എ.കെജി.ഒരു സോഡയും കുടിച്ച്,നിൽക്കുന്നു.അവസാനം വിയർത്തുകുളിച്ച്,മമ്മദ് പറഞ്ഞു:
“ബഹുമാനപ്പെട്ട അദ്ധ്യക്ഷാ,ന്റെ പ്രസംഗം ഒന്നു നിർത്തിക്കൊണ്ടാ!”
അദ്ധ്യക്ഷൻ ഉടനേ ചാടിയെണീറ്റ് പ്രഖ്യാപിച്ചു:
“സഖാവ് ആലിമമ്മിദിന്റെ പ്രസംഗം ഇവിടെ അവസാനിച്ചിരിക്കുന്നു”
പ്രസംഗം നിർത്താനുള്ള കടിഞ്ഞാൺ സ്വയം അഴിഞ്ഞുപോവുന്ന ഈ ചിത്തവിഭ്രമം,ഈയിടെ പൊതുവേദികളിൽ പതിവായിട്ടുണ്ട്.ഇവർക്ക് സഖാവ് ആലിമമ്മദിന്റെ അത്ര വിവരമോ,നിഷ്കളങ്കതയോ ഇല്ലാത്തതുകൊണ്ട്,അദ്ധ്യക്ഷനോട് അഭ്യർത്ഥിക്കുന്നില്ല എന്നേ ഉള്ളൂ.
കുട്ടികളുടെ തലയ്ക്കു മുകളിൽ മുതിർന്നവർ തൂക്കിയിട്ടിരിക്കുന്ന വാൾ ആണ് “ഞാൻ പ്രസംഗിച്ചുകളയും”എന്ന ഭീഷണി.അതിനിരുന്നു കൊടുക്കാത്ത കുട്ടികൾ ആണ് ചരിത്രം നിർമ്മിച്ചിട്ടുള്ളത്.അടുത്തിടെ കേരളത്തിലെ പ്രസംഗകലയിലെ ഒരു ‘സിംഹഗർജ്ജന’ത്തിന്റെ പ്രസംഗം കേട്ടിട്ട് എന്റെ അമ്മാവന്റെ മകൻ ചോദിച്ചത്,“അയാളെന്തിനാണ് ഇത്രയും ഏച്ചുകെട്ടി സംസാരിക്കുന്നത്”എന്നാണ്.ഭാഷയുടെ ഏച്ചുകെട്ടൽ കൊണ്ട് പുതിയ കുട്ടിയുടെ കണ്ണിൽ പൊടി വിതറാനാവില്ല.വാക്കുകളുടെ ഗോപുരങ്ങൾ അതു കെട്ടിപ്പൊക്കിയവരെപ്പോലും നാണിപ്പിച്ചുകളയുന്നു.കുട്ടിക്കാലത്ത് പാഠപുസ്തകങ്ങൾ നോക്കി കുറേ മണ്ടത്തരങ്ങളും ബോറൻ കവിതകളും പഠിച്ച മുതിർന്നവർക്കു വയസ്സാവുമ്പോൾ,അവ ഓർമ്മയിൽ നിന്നു പോവുകയില്ല.ആ ബാധോപദ്രവമൊഴിപ്പിക്കാനുള്ള ഉപാധികളാണ് ഇന്നു നമ്മുടെ പ്രസംഗവേദികൾ.
ചാനലുകളിലും വിശേഷാൽപ്പതിപ്പുകളിലും ഓണാഘോഷപരിപാടികളും അനുഭവക്കുറിപ്പുകളിലും നിറയുന്ന ഗൃഹരോഗാതുരപ്രസംഗങ്ങൾ കേൾക്കാതെ,ഒരു വർഷവും ഓണം കടന്നുപോയിട്ടില്ല.എഴുപതുകളിലെ അനുഭവങ്ങൾ എന്ന നമ്പർ ഇപ്പോൾ ഒരു എടുക്കാച്ചരക്കായി എന്നു ബോധ്യമായിട്ടുണ്ട്.അപ്പോൾ അതിലും പഴയ നമ്പറുകളുമായി ഇറങ്ങുകയാണ്,പഴയ വിപ്ലവകാരികൾ.കേരളീയമനസ്സിന്റെ പാതാളങ്ങളിൽ നിന്നു വർഷം തോറും നാമുയർത്തിക്കൊണ്ടു വരുന്ന ഈ ഉത്സവത്തിന്റെ അർത്ഥം ഭൂമി മുഴുവൻ കയ്യടക്കിയവരോടുള്ള നമ്മുടെ പ്രതിരോഷം ആണെന്ന് അവരറിയുന്നില്ല.മലയാളിയുടെ സംസ്കാരം കണ്ട ഏറ്റവും നിറമുള്ള കിനാവിനെ,ഈ ജീർണ്ണമായ നൊസ്സാൾജിയ വിളമ്പാനുള്ള വേദിയാക്കി അധഃപ്പതിപ്പിക്കുന്നതിന്റെ അർത്ഥമെന്താണ്?
വാക്കുകളുടെ ഒരു വിശേഷം,ചിലപ്പോൾ അതു പറയുന്നതിന് എതിരായ അർത്ഥങ്ങളിലും അതു നിങ്ങളെ വെളിപ്പെടുത്തിക്കളയും എന്നതാണ് എന്നു ദരിദ പറഞ്ഞതാണ്.പോയ ഓണക്കാലത്തെപ്പറ്റി നിങ്ങൾ നെടുവീർപ്പിട്ടുകൊണ്ടിരുന്നാൽ,അതു കുട്ടികളോടു പറയും,ഈ വീർപ്പുകൾക്ക് നിങ്ങളേക്കാൾ നല്ലൊരു കാലം ജീവിച്ച അനുഭവമുള്ളവരാണു ഞങ്ങൾ എന്ന അഹങ്കാരമല്ലാതെ മറ്റൊരർത്ഥവുമില്ല എന്ന്.പൊറ്റെക്കാടിന്റെ ഒരു കഥയിൽ,ഒരു കള്ളൻ ടൈംമ്പീസ് മോഷ്ടിച്ചു കൊണ്ടു പോകുമ്പോൾ അതു ശബ്ദമുണ്ടാക്കി കള്ളൻ പിടിയിലാവുന്നുണ്ട്.വാക്കുകൾ ഒരു ടൈംമ്പീസ് ആണെന്ന് ഓർത്താൽ നന്ന്.
ഭാഷയുടെ ഏച്ചുകെട്ടൽ കൊണ്ട് പുതിയ കുട്ടിയുടെ കണ്ണിൽ പൊടി വിതറാനാവില്ല.
വികടശിരോമണീ
മനോഹരമായിരിക്കുന്നു.