ടാ, നിനക്ക് ഇവിടെ വരെ ഒന്നു വരാമോ?
ഫോണില്‍ അവന്‍റെ ശബ്ദം കേട്ടപ്പോഴെ തോന്നി, എന്തെങ്കിലും കാര്യമായ കാര്യം തന്നെയായിരിക്കും. വളരെ കുറച്ചു മാത്രം മറ്റുള്ളവരെ ശല്യപ്പെടുത്തുകയാണല്ലോ ആളിന്‍റെ പതിവ്.
പുറപ്പാടറിഞ്ഞ് അമ്മ ചാടി വീണു.
നീ ഉണ്ണുന്നതിനു മുന്‍പ് എങ്ങോട്ടാണ്, ഉണ്ടിട്ട് പോയാല്‍ മതി
ആവുന്നതല്ലേയുള്ളൂ അമ്മേ, ഉണ്ണാറാകുന്നതിനു മുന്‍പ് ഇങ്ങെത്തിക്കോളാം...
റോഡിലേക്കിറങ്ങിയപ്പോള്‍ തന്നെ ഒരു കൂട്ടം എതിരെ വരുന്നു.
എഡോ, ലൈബ്രറിയിലേക്കല്ലേ, ശീട്ട് കളി ഫൈനല്‍ കഴിഞ്ഞ് ഇപ്പൊ കളികള്‍ തുടങ്ങിക്കാണും, കൂടെ പോരേ..
കൂട്ടത്തില്‍ പരിചയക്കാരുടെ കൂട്ട് വിളി.
അല്ല, ഒരാളെ അവശ്യം കാണണം, ഇപ്പൊ എത്തിയേക്കാം
ആഞ്ഞു നടന്നു.
ഗേറ്റും പൂമുഖ വാതിലും തുറന്നു കിടക്കുന്നു. അകത്ത് ഇരുട്ട്. ആളനക്കമില്ല. കോളിങ് ബെല്‍ അടിച്ചിട്ട് അല്പം കാത്തെങ്കിലും പ്രതികരണമില്ല. പേരെടുത്തു വിളിച്ചിട്ട് ആരു വിളി കേള്‍ക്കാന്‍...ആരുമില്ലേയിവിടെ? എന്തു പറ്റി? ഫോണ്‍ വിളിച്ചയാള്‍ എവിടെ?
ഡൈനിങ് ടേബിളില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങള്‍ പാതി തുറന്ന നിലയില്‍ ചിതറിക്കിടക്കുന്നു. ഭക്ഷണം ടേബിളില്‍ തൂവിയിട്ടുണ്ട്; കുറച്ച് നിലത്തും. പഴകിയ ഭക്ഷണത്തിന്‍റെ അസുഖകരമായ ഗന്ധമാണ് ആകെ.
അവന്‍റെ മുറി മുകളിലാണല്ലോ. സ്റ്റെയര്‍ കേയ്സ് കയറുമ്പോള്‍ ഉള്ളൊന്നു ചെറുതായി കാളി. എന്താണിവിടെ നടന്നത്?
വാതില്‍ ചാരിയിരുന്നതേയുള്ളൂ.
ബെഡിനു സമീപമുള്ള സോഫയില്‍ വെറുതെ ഇരിപ്പുണ്ട് അവന്‍. കണ്ടപ്പോള്‍ ചിരിച്ചൊന്നുമില്ല. ടീവി മ്യൂട്ട് ചെയ്തു വെച്ചിട്ടുണ്ട്. ന്യൂസ്...
എടാ, എന്ത് പറ്റി, ഇവിടെ ആരുമില്ലേ, ഞാന്‍ കോളിങ് ബെല്‍ അടിച്ചിട്ടും..
അവന്‍ ഒന്നും പറഞ്ഞില്ല. സോഫയുടെ ഒരറ്റത്ത് ഇരുന്നു.
പൂറത്ത് റോഡില്‍ ഓണക്കളികള്‍ക്ക് പോകുന്ന കുട്ടികളുടെ ബഹളം കേള്‍ക്കാം. ആരൊക്കെയോ കുഴഞ്ഞ ശബ്ദത്തില്‍ ഓണം പങ്കു വയ്ക്കുന്നു.
എന്താടാ പറ്റ്യത്? എല്ലാവരും എവിടെ?
മറുപടിയില്ല.
കുറെ നേരം മ്യൂട്ട് ന്യൂസ് കണ്ടു. അവന്‍റെ അധികം സഹിക്കാന്‍ പറ്റാത്ത ഒരു സ്വഭാവമാണല്ലോ ഇത്. അനവസരത്തിലുള്ള നിശബ്ദത. തോന്നുമ്പോള്‍ പറയട്ടെ. ഓണക്കളി കാണാന്‍ പോകാതെ ഇങ്ങോട്ട് പോരണമായിരുന്നോ?
ഇവിടെ സ്റ്റണ്ടായിരുന്നു ഇന്നലെ വൈകിട്ട്..
ഓരോ വാചകമായി അവന്‍ പറഞ്ഞു തുടങ്ങി.
എന്താണ്?
ഓണമല്ലേ, അമ്മ ഇന്നലെ വന്നിരുന്നു. ഞങ്ങള്‍ക്ക് കുറെ ആഹാരം, ഉപ്പേരി എല്ലാം കൊണ്ടുവന്നു. അതൊക്കെ കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ അപ്പയുടെ വരവ്...
എന്നിട്ട്?
പിന്നെ രണ്ടു പേരും പതിവുപോലെ ഡയലോഗ് തുടങ്ങി. ഒടുവില്‍ അമ്മയ്ക്ക് കുറെ കിട്ടി...
അമ്മ എവിടെ?
അപ്പോള്‍ത്തന്നെ പോയി, മൂക്കില്‍ നിന്ന് ചോരയും ഒലിപ്പിച്ച്...പുറത്ത് നിറഞ്ഞ് കാഴ്ചക്കാരും..
നിന്‍റെ ചേട്ടനോ?
തടസം പിടിച്ചതിനു ഞങ്ങള്‍ക്കും നല്ലതു പോലെ കിട്ടി...ആ മുറിയില്‍ കാണും..
നീ വാ, നമുക്ക് പുറത്തേക്ക് പോകാം..
ഞാനില്ല
അല്ല വാ..നമുക്ക് ടൗണീലേക്ക് പോകാം...
ഒരു വിധത്തില്‍ പിടിച്ചെണീല്പിച്ച് നിര്‍ബ്ബന്ധിച്ച് വസ്ത്രം മാറ്റി. പടികള്‍ ഇറങ്ങുമ്പോള്‍ താഴെ ചുമ കേട്ടു. അവന്‍റെ അപ്പ..ഇനി എന്താണോ കിട്ടാന്‍ പോകുന്നത്..
അവന്‍ അപരിചിതനെപ്പോലെ പുറത്തേക്ക് നടന്നു.
ആ, എപ്പോഴാ വന്നത്? അവന്‍റെ അപ്പ ചാരു കസാലയില്‍ കിടന്ന് കയ്യിലിരിക്കുന്ന കലാകൗമുദിയില്‍ നിന്നു കണ്ണെടുക്കാതെ ചോദിച്ചു..
ഇപ്പൊ വന്നതേയുള്ളൂ, ഞങ്ങള്‍ ഒന്നു പുറത്തേക്ക്..
ഊം...
അവന്‍റെ ബൈക്കിനു പിന്നില്‍ ചടഞ്ഞ് ഇരിക്കുമ്പോള്‍ മുഖത്ത് ഓണക്കാറ്റ് വന്നു വീണു. പല ജംഗ്ഷനുകളിലും ഓണക്കളികള്‍ക്ക് കൂടിയിരുന്ന ഒരേ ചിരിയുള്ള ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് പരിചയമുള്ളവരുടെ കുശലങ്ങളും വിളികളും കടന്ന് പോകാന്‍ ബൈക്ക് വളരെ സമയമെടുത്തു.
ഓണം വലിയ ഒരു വഴിയായി കാത്തു കിടന്നു.
ഹൊ..ഈ ഴചന കൊഴ്ഴാമഴ്ഴോ...ആഴംസകഴ്..