കഴിഞ്ഞ ഓണത്തിന് ഷാര്‍ജ്ജയിലെ ജയന്റ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങി വരുമ്പോള്‍ പതിവുപോലെ അയാളെ കണ്ടു. എന്നെ കണ്ടപ്പോള്‍ കാറു കഴുകുന്നതു നിര്‍ത്തി, ഓണം പൊടി പൊടിക്കുമല്ലോ ഇക്കുറി എന്നു ചിരിച്ചു. പച്ചക്കറി സഞ്ചി ചുമന്ന് എനിക്ക് കൈ വേദനിക്കുന്നുണ്ടായിരുന്നു. ഒന്നു ലോഹ്യം പറഞ്ഞ് പോകാമെന്നു കരുതി നിന്നു. കാറു കഴുകിത്തുടയ്ക്കുന്ന തുണി ബക്കറ്റിലിട്ട് ഒരു സിഗരറ്റ് കത്തിച്ച് അയാള്‍ അടുത്തു വന്നു.
എന്തൊക്ക്യാ സദ്യവട്ടം?
ഏയ് അങ്ങന്യൊന്നൂല്ല, രണ്ടു മൂന്നു ചങ്ങാതിമാര്‍ ഉണ്ണാനുണ്ടാവും. ഓലന്‍, അവിയല്‍, സാമ്പാര്‍, തോരന്‍, രസം, പിന്നൊരു പായസോം.
സ്മോളുണ്ടാകുമോ? ഞാനും വരട്ടെ സദ്യയുണ്ണാന്‍?
കണ്ണുകളില്‍ ചെറുതായി കളി നിറച്ച് അയാള്‍ ചോദിച്ചു.
വന്നോ, അതിനെന്താ കുഴപ്പം.
ഓണമുണ്ട കാലമൊന്നും ഓര്‍മ്മയിലില്ല. അല്ലെങ്കിലും ഇവിടെ എന്തോണം. ഏതെങ്കിലും ഹോട്ടലീന്ന് കഴിക്കും. ഉണ്ണാനിരിക്കുമ്പൊ ഓരോന്നോര്‍മ്മ വരും. വീട്ടിലുണ്ടാക്കിയ ഓലനും അവിയലുമൊക്കെ പണ്ടു കണ്ട ബ്ലാക് ആന്റ് വൈറ്റ് പടങ്ങള്‍ പോലെ തോന്നുന്നു. അടുത്ത ഓണത്തിനെങ്കിലും നാട്ടീപ്പോണം.

പറമ്പിലെ ആരും എത്തിനോക്കാത്ത കോണില്‍ നിറവും മണവുമില്ലാതെ വിടര്‍ന്ന പൂവിന്റേതുപോലെ ഒരു സങ്കടമുണ്ടായിരുന്നു അയാള്‍ പറയുമ്പോള്‍.
നാട്ടില്‍ പോയിട്ടെത്ര കാലായി?
പത്തിരുപതു കൊല്ലായി വന്നിട്ട്. ഇങ്ങനെ കാറു കഴുകീം, കള്ള് വിറ്റുമൊക്കെ കഴിയുന്നു.
എന്റെ മനസ്സിലെ ഓണപ്പൂക്കളത്തിലേയ്ക്ക് മഴ വീണു തുടങ്ങി. അത്തം വെളുത്തിരുന്നിരിക്കും. അതാവും ഓണമിങ്ങനെ കറുക്കുന്നത്. മുമ്പെന്നോ വര്‍ത്തമാനത്തിനിടയ്ക്ക് പേരു പറഞ്ഞിരുന്നു.മറന്നു പോയി. വീണ്ടും ചോദിക്കാനൊരു മടി.
നാളെ ഉച്ചയ്ക്ക് വീട്ടില്‍ വരുമോ? സ്മോളൊക്കെ ശരിയാക്കാം. അല്‍ ഗുറൈര്‍ മാര്‍ക്കറ്റിലാ ഞാന്‍ താമസം. എന്റെ നമ്പറില്‍ വിളിച്ചാ മതി. നമ്പര്‍ കൊടുത്തു. അയാളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ പറഞ്ഞു.
എന്റെ കൈയ്യില് ഇപ്പൊ മൊബൈലില്ല, അത് കള്ള് കച്ചോടത്തിനിടയ്ക്ക് സീയേഡി ഓടിച്ചപ്പൊ പോയി. ഞാന്‍ വന്നോളാം.
വൈകുന്നേരത്തിന്റെ പുഴുക്കത്തില്‍ അയാളുടെ മുഖം നനഞ്ഞിരിക്കുന്നത് വിയര്‍പ്പുകൊണ്ടോ കണ്ണീരുകൊണ്ടോ എന്നു മനസ്സിലായില്ല.
ഓണത്തിന് ഉച്ചയ്ക്ക് വരുമെന്നു വിചാരിച്ചു നോക്കിയിരുന്നു. വന്നില്ല.
വൈകീട്ട് നടക്കാനിറങ്ങിയപ്പോള്‍ കാര്‍ പാര്‍ക്കിങ്ങില്‍ ചെന്നു നോക്കി, അവിടെയില്ല.
പിറ്റേന്നും നോക്കി. അവിടെ നിന്നു കാറു കഴുകുന്നു. എന്തേ വരാഞ്ഞതെന്നു ചോദിച്ചു. ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. എന്തുകൊണ്ടാണെന്നറിയില്ല പിന്നെ കാണുമ്പോഴൊക്കെ മിണ്ടാതിരിക്കാന്‍ ശ്രദ്ധിക്കും. കാണാത്തതുപോലെ നില്‍ക്കും. വിഷമിപ്പിക്കേണ്ടെന്നു കരുതി ഞാന്‍ ഒന്നും ചോദിക്കാറുമില്ല. എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാകും. പറയാന്‍ പറ്റാത്തതാവും, പറഞ്ഞാല്‍ മനസ്സിലായെന്നും വരില്ല. മറ്റുള്ളവര്‍ പറയുന്നതൊക്കെ നമുക്കു മനസ്സിലാകണമെന്നും നമ്മള്‍ പറയുന്നതൊക്കെ മറ്റുള്ളവര്‍ മനസ്സിലാക്കണമെന്നുമൊക്കെയുള്ള തികച്ചും അനാവശ്യമായ കടുംപിടുത്തമൊക്കെ കൈവിട്ടു പോയിരിക്കുന്നു.
മറ്റന്നാള്‍ ഓണമാണ്. അടുത്ത ചങ്ങാതിയുടെ അനിയന്റെ ആകസ്മിക മരണത്തിന്റെ ആഘാതമേല്പ്പിച്ച അടയാളങ്ങള്‍ ഇനിയും പോയിട്ടില്ലാത്ത മുറിയിലിരുന്നാണ് ഇതെഴുതുന്നത്. ഇക്കൊല്ലം (ഇനിവരും കൊല്ലങ്ങളിലും) ആഘോഷമൊന്നും വേണ്ട എന്നു തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് ജയന്റില്‍നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങി വരുമ്പോള്‍ ആ കാര്‍ പാര്‍ക്കിംഗില്‍ വെറുതേ നോക്കി. കുറേ നാളായി അയാളെ കാണാറില്ല. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിരത്തിയിരുന്ന ഓണച്ചരക്കുകള്‍ കണ്ടപ്പോഴാണ് അയാളെ ഒന്നന്വേഷിക്കണമെന്നു തോന്നിയത്. അടുത്തുള്ള ഗ്രോസറിയില്‍ ചോദിച്ചു, അവര്‍ക്കുമറിയില്ല.
ഒരു ചങ്ങാതിക്കൂട്ടത്തിനുള്ളില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞു ചിരിക്കുന്ന ഒരാള്‍ നിന്ന നില്പ്പില്‍ ഇല്ലാതായാല്‍ പോലും കൂടെയുള്ളവര്‍പോലും അത് തിരിച്ചറിയാനാത്ത കാലത്ത് ആരോടും മിണ്ടാതെ കാര്‍ പാര്‍ക്കിംഗില്‍, മുനിസിപ്പാലിറ്റിക്കാര്‍ ചെക്കിംഗിനു വരുന്നുണ്ടോ എന്നു ഭയന്ന് അവനവനിലേയ്ക്കു ചുരുങ്ങി കള്ളപ്പണിയെടുക്കുന്ന ഒരാളെ ആരോര്‍മ്മിക്കാന്‍!
ഒരുപക്ഷേ നാട്ടില്‍ പോയിട്ടുണ്ടാവും. എവിടേയെങ്കിലും നല്ല വല്ല ജോലിയും കിട്ടിയിട്ടുണ്ടാവും. കള്ള് കച്ചവടത്തിനു പോയിട്ടോ, രാത്രി കാറു കഴുകുന്നതു കണ്ടിട്ടോ പോലീസ് പിടിച്ചിട്ടുണ്ടാവും. അതുമല്ലെങ്കില്‍ ഇപ്പോഴും അവിടെത്തന്നെ കാറു കഴുകുന്നുണ്ടാവും. അയാളെ കാണാനുള്ള കണ്ണുകള്‍ എനിക്ക് നഷ്ടപ്പെട്ടതാവും.
മനസ്സിലെ ഓണപ്പൂക്കളത്തില്‍ നിലാവ് പെയ്യട്ടെ.അവിടെ നടക്കട്ടെ ആഘോഷങ്ങള്‍..
ആശംസകളോടെ.