ബ്ലോത്രം ഓണപ്പതിപ്പ് 2009

എഡിറ്റര്‍:രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ലേ ഔട്ട്:നസീര്‍ കടിക്കാട്
കവര്‍:പകല്‍കിനാവന്‍
സാങ്കേതികം:ടി.എ.ശശി
വര:സുരേഷ്





 
3പ്രതികരണം:
  • Blogger Unknown

    കവിത എഴുതുന്നു എന്ന അഹങ്കാരം?
    ഒരിക്കലുമില്ല. അതു ദൈവം തന്ന കഴിവാണു. ഒരു ദിവസം രണ്ടും മൂന്നും കവിതകള്‍ എഴുതിയ കാലമുണ്ടായിരുന്നു. 2000ല്‍ മാത്രം എന്റെ 36 കവിതകളാണു പ്രസിദ്ധീകരിക്കപ്പെട്ടത്. മേരി ലില്ലി രണ്ട് കൈ കൊണ്ടാണൊ കവിത എഴുതുന്നത് എന്നൊരു കവി ചോദിച്ചിട്ടുണ്ട്. അതേപോലെ തന്നെ നാലഞ്ചുവര്‍ഷം ഒരു വരിപോലും എഴുതാതിരിന്നിട്ടുമുണ്ട്. ഇതില്‍ എന്താണു അഹങ്കരിക്കാനുള്ളത്? നാളെ എഴുതാന്‍ കഴിയുമോ എന്നു പോലും നമുക്കറിയില്ല.

     
  • Blogger Unknown

    അടുത്തറിയാന്‍ ഉപകരിച്ചു.
    നന്നായി. അഭിനന്ദനങള്‍

     
  • Blogger grkaviyoor

    കവിത കരളില്‍ വിരിഞ്ഞു
    കുര്‍ത്ത മുനയാര്‍ന്ന നിണം തുപ്പി വരുമ്പോള്‍
    അനുഭവിക്കുന്ന വേദനയോ സുഖമോ എന്ത് വികാരം എന്ന് പറഞ്ഞു ഭലിപ്പിക്കാനാകാത്ത അനുഭുതി എപ്പോള്‍ വരും പോകും എന്ന് ആരാലും പ്രവചിക്കനാകുമോ ഇതൊക്കെ തമ്പുരാന്റെ ഒരു മറിമായമാണേ ... എഴുതികൊണ്ടിരിക്കു ഉറ്റുയുറവ വറ്റും വരെ ഭാവുഗങ്ങള്‍

     

Post a Comment

ഓണപ്പതിപ്പ്>>
 
കൈവെള്ളയിലെ രേഖകള്‍
Saturday, August 29, 2009
മേരി ലില്ലിയുമായി അരുണ്‍ ചുള്ളിക്കല്‍ സംസാരിക്കുന്നു

മേരി ലില്ലി. മാധ്യമ പ്രവര്‍ത്തക, കവയിത്രി, മലയാളം ബ്ലോഗര്‍. വയനാട്ടില്‍ ജനിച്ചു. ഇപ്പോള്‍ കൊച്ചിയില്‍ താമസം. നേരത്തെ കല്പറ്റ ഗവ. കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ്. മേരീസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ദീപികയിലും ഇന്ത്യാവിഷനിലും കുറച്ചു കാലം പ്രവര്‍ത്തിച്ചു. കവിതാ സമാഹാരം ഏഴാമത്തെ ഋതു 2003-ല്‍ പ്രസിദ്ധീകരിച്ചു. നിലവില്‍ ഒരു ഹോളിവുഡ് ഫില്മിന്റെ പ്രൊജക്റ്റ്‌ ഓഫീസില്‍ ജോലി ചെയ്യുന്നു. 2009 മുതല്‍ ബ്ലോഗ് എഴുതുന്നു. കൈവെള്ള, എന്റെ കാഴ്ചകള്‍, എന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവ ബ്ലോഗുകള്‍.


അനുഭവങ്ങളും കാഴ്ചകളും ആശയങ്ങളും കവിതയായ് പകര്‍ത്താന്‍ കഴിയും എന്നു തോന്നിയത്...
പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണു ആദ്യമായി ഞാന്‍ കവിത എഴുതുന്നത്. ആര്‍ട്സ് ഫെസ്റ്റില്‍, കവിതാരചനാ മത്സരത്തിനു. കോളേജില്‍ ഞാനൊരു ബഹളക്കാരിയായിരുന്നു. അതിനൊത്ത കൂട്ടുകാരും. ഞാന്‍ തമാശക്ക് ഹാളില്‍ കയറാന്‍ വന്നതാണ് എന്നാണു അധ്യാപകര്‍ വിചാരിച്ചത്. എല്ലാവരുടെയും മുഖത്ത് ഒരു പുച്ഛമുണ്ടായിരുന്നു. അതില്‍ എന്‍റെ ഒരു സാറ് ചുമ്മാ വേഷം കെട്ടലിനു നില്‍ക്കാതെ പോകാനും പറഞ്ഞു. കാരണം എന്‍റെ സുഹൃത്തുക്കളുടെ ഒരു പട തന്നെ എന്നെ ഉന്തിത്തള്ളി കൊണ്ട് ഹാളിന്‍റെ വാതിലില്‍ ഉണ്ടായിരുന്നു. ഞാന്‍ കവിത എഴുതാന്‍ വന്നതാണ് എന്ന് പറഞ്ഞപ്പോള്‍ ഒരു കളിയാക്കി ചിരിയോടെയാണ് എനിക്ക് സാര്‍ എഴുതാനുള്ള പേപ്പര്‍ തന്നത്. പക്ഷേ, റിസല്‍ട്ട് വന്നപ്പോള്‍, കവിതയ്ക്കു പുറമെ കഥയ്ക്കും എനിക്ക് ഫസ്റ്റ്. എല്ലാവരും ഒന്നു ഞെട്ടി. ആരും എന്നില്‍ നിന്നിത് പ്രതീക്ഷിച്ചിരുന്നില്ല.
ചിതലരിച്ച നിശബ്ദതൂലികയില്‍ നിന്നു കൈവെള്ളയിലേക്കുള്ള ദൂരം...
ഞാനാദ്യമായി വായിക്കുന്ന ബ്ലോഗ് ദീപികയില്‍ വെച്ച് എന്റെ സഹപ്രവര്‍ത്തകനായിരുന്ന സെബി മാത്യുവിന്റേതാണ്. സെബി ഒരു ഫീച്ചര്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് വായിച്ച് അഭിപ്രായം പറയുവാനാണു എനിക്ക് ലിങ്ക് തന്നത്. അതു വായിച്ചപ്പോള്‍ ഇതു പോലൊന്നു എനിക്കും വേണമെന്ന എന്റെ ആഗ്രഹം ഞാന്‍ സെബിയോട് പറഞ്ഞു. പിന്നീടൊരിക്കല്‍ കോഴിക്കോടുകാരനായ എന്റെ മാധ്യമപ്രവര്‍ത്തക സുഹൃത്താണു എനിക്ക് വേണ്ടി ബ്ലോഗ് ഡിസൈന്‍ ചെയ്തു തന്നത്. അദ്ദേഹത്തെ ഞാനിതുവരെ നേരില്‍ കണ്ടിട്ടില്ല. “കൈവെള്ള” എന്ന പേര് നിര്‍ദ്ദേശിച്ചത് എന്റെ സുഹ്രൃത്തും പത്രപ്രവര്‍ത്തകനുമായ പി.ടി. നാസര്‍ ആണു. അതിനു ശേഷവും കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് 2009 മാര്‍ച്ചില്‍ ആണു ഞാനാദ്യത്തെ പോസ്റ്റിടുന്നത്.
പ്രിന്റ് മീഡിയയില്‍ നിന്നും ബൂലോകത്തെത്തുമ്പോള്‍ എന്തെങ്കിലും മാറ്റം?
പ്രിന്റ് മീഡിയയില്‍ ഒരു കൃതി നമ്മള്‍ അയച്ചിട്ട് അതു പ്രസിദ്ധീകരിച്ച് വരുന്നത് വരെ എടുക്കുന്ന ഒരു താമസം ഉണ്ട്. ബ്ലോഗില്‍ പക്ഷെ എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ സാധ്യമാകുന്നു. അതിനപ്പുറം എന്തെങ്കിലും വ്യത്യസ്തത ഉള്ളതായി തോന്നിയിട്ടില്ല. എന്റെ ഒരു പാടു കവിതകള്‍ പബ്ലീഷ് ചെയ്യപ്പെട്ടിട്ടുണ്ട്. ആരാലും കത്രിക വെയ്ക്കപ്പെടാതെയാണ് അവ പ്രസിദ്ധീകൃതമായിട്ടുള്ളത്. അതു കൊണ്ട് തന്നെ കൃതികള്‍ എഡിറ്റ് ചെയ്യപ്പെടുന്നു എന്ന പ്രശ്നം എന്റെ മുന്നില്‍ വന്നിട്ടില്ല.
അതൊരു പക്ഷേ, മാധ്യമലോകവുമായുള്ള ചേച്ചിയുടെ അടുപ്പം കൊണ്ടാണെങ്കില്‍...?
അടുപ്പമുണ്ട്. അതു സത്യം തന്നെ. എന്നു കരുതി എന്റെ കവിത നല്ലതല്ലെങ്കില്‍ അവര്‍ പ്രസിദ്ധീകരിക്കുമോ? അവ അയക്കുന്ന വേഗത്തില്‍ തന്നെ തിരിച്ചു വരും. പ്രിന്റ് മീഡിയായില്‍ ഒരു എഡിറ്റോറിയല്‍ മീറ്റിങ് കൂടിയിട്ടാണ് അടുത്ത എഡിഷനിലേക്കുള്ള കൃതികള്‍ തെരഞ്ഞെടുക്കുന്നത്. എഡിറ്റോറിയല്‍ ടീമില്‍ അംഗമായിരുന്ന എനിക്ക് അത് വ്യക്തമായി അറിയാം. എല്ലാവരും അവരവരുടെ കടമ കൃത്യമായി നിര്‍വഹിക്കുന്നവരാണു. ഒരാളു വിചാരിച്ചാല്‍ ഒരു കവിത പ്രസിദ്ധീകരിക്കപ്പെടില്ല.
ഏഴാമത്തെ ഋതു?
അത് എന്റെ ആദ്യകവിതാസമാഹാരത്തിന്റെ പേരാണു. ഏഴാമത്തെ ഋതു എന്ന പേരില്‍ ഒരു കവിതയും അതില്‍ ഉണ്ട്. മാധ്യമം ആഴ്ചപതിപ്പിലാണു ആ കവിത പ്രസിദ്ധീകരിക്കപ്പെട്ടത്. ആ വര്‍ഷത്തെ മികച്ച കവിതകളില്‍ ഒന്നായി മാതൃഭൂമി ആ കവിതയെ തെരഞ്ഞെടുക്കുകയും ചെയ്തു. കവി, ഡി. വിനയചന്ദ്രനാണു മാതൃഭൂമിക്കു വേണ്ടി അതു തെരഞ്ഞെടുത്തത്. അദ്ദേഹം തന്നെ എന്റെ കവിതാസമാഹാരത്തിനു അവതാരിക എഴുതുകയും ചെയ്തു.
“സൂര്യകാന്തികള്‍ പൂക്കുന്ന കാലം“ മുതല്‍ നീയില്ലാത്ത “പിറന്നാള്‍“ വരെ അദൃശ്യനാ(യാ)യി നില്‍ക്കുന്ന “നീ” ആരാണു?
ഈ ചോദ്യം പലരും എന്റെ സുഹൃത്തുക്കളുമെന്നോട് ചോദിച്ചിട്ടുണ്ട്. എന്റെ കവിതകള്‍ പൊതുവെ പ്രണയ കവിതകള്‍ ആണു. നീ എന്ന കഥാപാത്രത്തോട് സംവേദിക്കുന്നവ. പക്ഷെ ആ കഥാപാത്രത്തിനു ഒരു പേരും രൂപവും എനിക്കു തന്നെ നിര്‍വചിക്കാന്‍ പ്രയാസമാണു. നിര്‍വചനത്തിനപ്പുറം നില്‍ക്കുന്ന “നീ” എന്നു വേണമെങ്കില്‍ പറയാം.
പ്രണയകവയിത്രി ആയിരുന്നിട്ടും ഈ വരികള്‍ “ദയവായി നീയെന്നെ ഇങ്ങനെ സ്നേഹിക്കരുത്”
കവിതയില്‍ പ്രണയമുള്ളതു കൊണ്ടാവാം, എന്നോട് അടുപ്പം തോന്നുന്നവരുണ്ട്. എല്ലാവരെയും എല്ലാവരെയും സ്നേഹിക്കാന്‍ നമുക്ക് ചിലപ്പോള്‍ കഴിയില്ല. അതു കൊണ്ട് തന്നെ “അരുത്” എന്നു പറയേണ്ടി വരുന്നു. മുഖം തിരിക്കലാവാം. എന്റെ മനസ് അങ്ങിനെ സഞ്ചരിക്കുന്നു.
പ്രണയത്തിനു നേരെ അങ്ങിനെ മുഖം തിരിക്കാന്‍ കഴിയുമോ?
ഒരിക്കലുമില്ല. എന്റെ മനസില്‍ അപ്പൊഴും ഇപ്പൊഴും പ്രണയമുണ്ട്. അതില്ലാതെ എനിക്കിങ്ങനെ എഴുതാന്‍ കഴിയില്ല.
ബൂലോകവായന?
ആളുകള്‍ വളരെ സജീവമാണെന്നു തോന്നുന്നു. വായന മരിച്ചു എന്ന മുറവിളി ഇല്ലാതാക്കുവാന്‍ ബൂലോകത്തിനു ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ വളരെ സെലക്ടീവ് ആയി വായിക്കുന്നൊരാളാണു.
വായിക്കണം എന്നു തോന്നിയിട്ടുള്ള എഴുത്തുകാര്‍?
ഒരുപാടു പേരുണ്ട്. പേരുകള്‍ പറയുന്നില്ല. ഊം...ഒരു മിനിറ്റ്...ഞാന്‍ ഏറ്റവും അധികം താല്പര്യത്തോടെ വായിക്കുന്ന ഒരു ബ്ലോഗുണ്ട്. സിയാബിന്റെ ഓര്‍മ്മക്കുറിപ്പുകള്‍.
സിയാബ് ഐ.എ.എസ്.?
അതെ. സിയാബിനെ പോലെ പൊരുതി ജീവിക്കുന്നവള്‍ ആയതു കൊണ്ടാവാം. ഒഴുക്കിനെതിരെ നീന്തുന്നവരെയാണു എനിക്കിഷ്ടം. എന്റെ ജീവിതവും അങ്ങിനെയായതു കൊണ്ടുമാവാം.
രാഷ്ട്രീയം?
കവിതപോലെ പ്രിയം. കോളേജില്‍ വെച്ച് പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായിരുന്നു.
ഒരു എസ്.എഫ്.ഐ.ക്കാരി എന്ന നിലയില്‍ ഇപ്പൊഴത്തെ ഇടത്പക്ഷത്തിന്റെ പ്രായോഗിക രാഷ്ട്രീയത്തെക്കുറിച്ച് എന്തു തോന്നുന്നു?
വേദനതോന്നുന്നു. ഇടത് പക്ഷത്തിന്റെ ഇപ്പൊഴത്തെ പോക്കില്‍. മനുഷ്യന്റെ സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങളാണു ഇപ്പൊള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്. ഇതു പ്രായോഗിക രാഷ്ട്രീയവുമല്ല.
ഓര്‍മ്മക്കുറിപ്പുകളെക്കുറിച്ച്....
കല്ലും മുള്ളും ഏകാന്തതയും വെല്ലുവിളികളും തീക്കനലുകളും പാറി നിന്ന എന്‍റെ ജീവിതത്തിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കുകയാണ്. അതാണ്‌ എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍. അടുക്കും ചിട്ടയുമില്ലാതെ ചിതറി കിടക്കുന്ന കുറെ ഓര്‍മ്മകളെ ചേര്‍ത്ത് വെക്കുന്നു. അത്ര മാത്രം. അതില്‍ ഞാന്‍ കൊടുങ്കാറ്റ് പോലെ ആഘോഷിച്ച ബാല്യം ഉണ്ട്. എന്‍റെ കൌമാരവും നനുത്ത പ്രണയവും ഉണ്ട്. ഇത് വരെ പിന്നിട്ട ജീവിതം മുഴുവനുമുണ്ട്.
പുതിയ സമാഹാരങ്ങള്‍?
പബ്ലിഷ് ചെയ്തവ ചേര്‍ത്തു വെച്ചാല്‍ ഒന്നോ രണ്ടൊ സമാഹാരങ്ങള്‍ തീര്‍ക്കാനുള്ളവയുണ്ട്. പക്ഷെ ഉടനെയില്ല. നാലഞ്ച് വര്‍ഷമായി എവിടെയും എഴുതുന്നില്ല. ഒന്നുകൂടി ഒന്നു സജീവമായതിനു ശേഷം സമാഹാരം ഇറക്കാം എന്നാണു വിചാരിക്കുന്നത്.
കവിത എഴുതുന്നു എന്ന അഹങ്കാരം?
ഒരിക്കലുമില്ല. അതു ദൈവം തന്ന കഴിവാണു. ഒരു ദിവസം രണ്ടും മൂന്നും കവിതകള്‍ എഴുതിയ കാലമുണ്ടായിരുന്നു. 2000ല്‍ മാത്രം എന്റെ 36 കവിതകളാണു പ്രസിദ്ധീകരിക്കപ്പെട്ടത്. മേരി ലില്ലി രണ്ട് കൈ കൊണ്ടാണൊ കവിത എഴുതുന്നത് എന്നൊരു കവി ചോദിച്ചിട്ടുണ്ട്. അതേപോലെ തന്നെ നാലഞ്ചുവര്‍ഷം ഒരു വരിപോലും എഴുതാതിരിന്നിട്ടുമുണ്ട്. ഇതില്‍ എന്താണു അഹങ്കരിക്കാനുള്ളത്? നാളെ എഴുതാന്‍ കഴിയുമോ എന്നു പോലും നമുക്കറിയില്ല.
ബൂലോകത്തോട് രണ്ട് വാക്ക്...
പൊതുവേ ബൂലോകത്ത് ഗൌരവമില്ല എന്നു തോന്നിയിട്ടുണ്ട്. മികച്ച കൃതികളുമുണ്ട്. വായന കുറവാണെന്നു തോന്നുന്നു. വായിക്കുക. എഴുതുക. അറിയുക. കമന്റു കിട്ടുന്നതല്ല കാര്യം. നമ്മളെഴുതുന്നത് നല്ലതാണോ, പിന്നെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ടതില്ല.
....................................................................
കവിത
മേരി ലില്ലി


ജോസഫ്‌

ജോസഫ്‌, നീയെന്‍റെ
സ്വപ്നങ്ങളുടെ
കുരുക്കുകള്‍ ഓരോന്നും
അഴിച്ചു മാറ്റിയവയുടെ
പൊരുളുകളോതുക.

പിശാച് ബാധിച്ച
ഹൃദയങ്ങളില്‍ നിന്നും
എന്‍റെ പകലിന്‍റെ
സ്വച്ഛന്ദതയിലേക്ക്
ചേക്കേറിയ എല്ലാ
ദുര്‍ നിമിത്തങ്ങളെയും
ആട്ടിയകറ്റി നീയെന്‍റെ
കനവുകളുടെ കാവല്‍ക്കാരനാവുക.


രാക്കിനാവുകളില്‍
തീ പടരുന്ന നേരം
മുന്തിരിത്തോപ്പുകളിലെ
മഞ്ഞലകളില്‍ ചിറകു
നിവര്‍ത്തി ഞാന്‍ പാറി
പറന്നുല്ലസിക്കുമ്പോള്‍
ജോസഫ്‌, നീയെന്‍റെ മാത്രം
ആകാശമാവുക.


 
വീട്
ബ്ലോത്രം ഓണപ്പതിപ്പ് 2009