മുത്തൂറ്റ് ധനസാമ്രാജ്യത്തിന്റെ കരീടവകാശിയായിരുന്ന പോള്‍.എം.ജോര്‍ജ്ജിന്റെ അപമൃതിയുമായി ഈ കുറിപ്പിന് ബന്ധമൊന്നുമില്ല. മാവേലി വാണ നാടിന്റെ ദേശീയമൃഗം രണ്ടുമൂന്നാണ്ടുകളായി മഞ്ഞ നിറമുള്ളൊരു ഹിംസ്ര ജന്തുവാണ്. ഒറ്റക്കണ്ണും ഊക്കന്‍ കയ്യുമുള്ള ഈ ഭീകരജീവി കേരളം കയ്യേറിക്കഴിഞ്ഞു. സ്വപ്‌നത്തിലുള്ളവര്‍ക്കും ജാഗ്രത്തിലുള്ളവര്‍ക്കും അതിന്റെ കയ്യേറ്റങ്ങളറിയാം. അതിന്റെ മുരള്‍ച്ചയാല്‍ ഉറക്കം കെടുന്നവരേറെ. അതിന്റെ ആധിപത്യം സര്‍വ്വലോക വ്യാപി. ഇംഗ്ലീഷില്‍ എസ്‌കവേറ്റര്‍ എന്നും മലയാളത്തില്‍ മണ്ണുമാന്തി എന്നും വിളിക്കാവുന്ന ഇതിനെ മലയാളി വകയിലൊരു കുടുംബനാമത്തില്‍ വിളിക്കുന്നു. ജെ.സി.ബി. രൂപം കൊടുത്തതും പോറ്റുന്നതും മനുഷ്യര്‍. സൃഷ്‌ടിപ്പില്‍ ദൈവത്തിനു പങ്കില്ല, അതുകൊണ്ട് ബാധകമായ പ്രകൃതി നിയമങ്ങളില്ല. ജീവനില്ല, അതുകൊണ്ട് ചരാചരവിവേചനമില്ല. ജീവനുള്ളതെന്തും പ്രിയം. നിറം പഴുത്തു വീഴുന്ന ഇലകളുടെ മഞ്ഞ, പച്ചപ്പുകളോടാണ് പക.
കുട്ടികള്‍ കാറു വേണമെന്ന് കരയുന്ന കാലം പോയി. അവരെ അന്വഷിച്ചിനി അക്കിത്തത്തിന്റെ പഴയ കവിതകളും സിപ്പി പള്ളിപ്പുറത്തിന്റെ കുട്ടിക്കഥകളും മടക്കി വായിക്കണം. പുതിയ കുഞ്ഞുങ്ങള്‍ ജെ.സി.ബി വേണമെന്നാണ് വാശിപിടിച്ചു കരയുന്നത്. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളുടെ കിനാവുണ്ണുന്ന കൈതവം കാണാത്ത കണ്ണുകളില്‍ വരേ ജെ.സി.ബികളെ കൊതിക്കുന്നതിന്റെ നിറഭേദം. സാഹിത്യത്തിലും ചലചിത്രത്തിലുമെല്ലാം ഈ വന്യമൃഗം അധിവാസമുറപ്പിച്ചു കഴിഞ്ഞു. അടുത്ത ലോറിക്കു പുറപ്പെടാന്‍ കാത്തു വരി നില്‍ക്കുന്ന കുന്നുകളെ ട്രിപ്പര്‍ ലോറികളിലേക്കു കയറ്റിവെക്കുന്ന അട്ടിമറിക്കാരനായി കവിതയില്‍. ചലചിത്രത്തില്‍ ടെലിഫോണ്‍, മോട്ടോര്‍വാഹനങ്ങള്‍, വിമാനങ്ങളെന്നിവ രംഗം കൊഴുപ്പിക്കാനെത്തിയ പോലെ ഇനി ഇവന്റെ ഊഴം. ഊരാളരെ ഒഴിപ്പിച്ചു മഹാസൗധം പണിയാന്‍ വരുന്ന കുത്തകയുടെ വലംകയ്യായും പാട്ടുസീനിലെ തിടമ്പേറ്റിയ ഗജവീരനായും ചലചിത്രത്തില്‍. ഉല്‍സവപ്പറമ്പിലെ എഴുന്നള്ളിപ്പേയുള്ളൂ ഇനി ബാക്കി. ഇടയില്ല, മദമിളകില്ല, തുമ്പിക്കൈക്കാണെങ്കില്‍ ആനയേക്കാള്‍ പൊക്കം. സഹ്യന്റെ മകനായും മേഘരൂപനായും ഇടയുന്ന കൊമ്പനായും വാണ കരിവീരന്‍മാരുടെ കാലം അകലെ. ഇനി ജെ.സി.ബികള്‍ക്കാണ് ഭാവന, ഭാവി.
മണ്‍മറഞ്ഞ പുരാതന നാഗരികതകളുടെ ശേഷിപ്പുകള്‍ തേടി നടന്ന മനുഷ്യകുടുംബത്തിന്റെ സഹായിയാണ് എസ്‌കവേറ്ററുകളുടെ ചരിത്രപ്രവേശം. ഉദ്‌ഖനനങ്ങളില്‍ സഹായം, മണ്ണു നീക്കി മറഞ്ഞു കിടക്കുന്നവയെ വെളിപ്പെടുത്തിത്തരും. മനുഷ്യശേഷി പലനാളു കൊണ്ടു സാധിക്കുന്നത് നിമിഷം കൊണ്ട് ചെയ്‌തു തീര്‍ക്കും. ഹാരപ്പയാ-മോഹന്‍ജൊദാരോയാവട്ടെ അന്യദേശങ്ങളിലെ പുരാതന സ്‌മൃതിപേടകങ്ങളാവട്ടെ മണ്ണുനീക്കി വെളിച്ചത്തെത്തിക്കുന്നതില്‍ മിടുക്കന്‍. വിസ്‌മൃത നിധി പേടകങ്ങളില്‍ ആദ്യം വെച്ച കൈ എന്ന മഹത്വം സ്വന്തമായുണ്ട്. ഇപ്പോള്‍ പക്ഷേ ദൗത്യം വേറെയാണ്. നശീകരണത്തില്‍ ശ്രദ്ധ. ഭൂമിയില്‍ തലയെടുത്തു നില്‍ക്കുന്നതെന്തും തട്ടി നിരപ്പാക്കും. പുരാതനത്വം വഹിക്കുന്ന ചരിത്ര സ്‌മാരകങ്ങളെ ഇടിച്ചുപൊളിക്കാന്‍ മടിയേതുമില്ല. ഉരുക്കുമുഷ്‌ടി. ശക്തിദുര്‍ഗ്ഗം. വരുംകാലത്തിന്റെ പ്രജാപതി. റിയല്‍ എസ്റ്റേറ്റ് എന്ന പുത്തന്‍ സാമ്രാജ്യത്വത്തിന്റെ കാവലാള്‍. ഇതിനെ ഭയന്നു കഴിയുന്നു ലോകഭൂപടങ്ങള്‍. ഭവനങ്ങളും ആരാധനാലയങ്ങളും പള്ളിക്കൂടങ്ങളും ആതുരാലയങ്ങളും സമം. പാര്‍പ്പുകള്‍ ഒഴിപ്പിക്കും. എടുപ്പുകള്‍ നിലംപരിശാക്കും. ഭൂമിയിലെങ്ങുമുണ്ട് ഇതിന്റെ അധിനിവേശം. മതഭേദമില്ല, പന്തിനോട്ടമില്ല. റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ കോളനികള്‍ നിര്‍മ്മിക്കാന്‍ ലോകത്തെവിടെയും ജെ.സി.ബികള്‍ പാടുപെടുന്നു. മക്കയില്‍ വന്‍കിട ഹോട്ടലുകള്‍ പണിയാനായി പോയ വര്‍ഷങ്ങളില്‍ പൊളിച്ചുമാറ്റിയ ചരിത്രഗേഹങ്ങളെ കുറിച്ച് ഇന്റര്‍നെറ്റില്‍ എഴുതുന്ന സൗദി പൗരന്റെ ബ്ലോഗിലിങ്ങനെ കാണാമൊരു തലക്കെട്ട്. Our bulldozed history.
കേരളം റിയല്‍ എസ്റ്റേറ്റ് എന്ന് കേട്ടുതുടങ്ങിയിട്ട് ഏറെയായിട്ടില്ല. വസ്‌തു വാങ്ങുന്നതിന്റേയും വില്‍ക്കുന്നതിന്റേയും ഇടപാട് എന്നതിലേറെ അതിന് കെണിയുടെ അര്‍ത്ഥങ്ങളൊന്നും കല്‍പിച്ചിരുന്നുമില്ല. പല കച്ചവടങ്ങളില്‍ ഒരു കച്ചവടം അതും എന്നതിലേറെ പറഞ്ഞു കേള്‍ക്കുന്ന അപായങ്ങളൊന്നും കരുതിയിരുന്നില്ല. നമ്മുടെ പത്രങ്ങള്‍ക്കെല്ലാം റിയല്‍ എസ്റ്റേറ്റ് പരസ്യത്തിനായി മാറ്റിവച്ച പേജുകളുണ്ട്. പത്രങ്ങളല്ല പരസ്യങ്ങളാണ് ലാഭത്തില്‍ എന്ന് പത്രമുതലാളിമാര്‍ തന്നെ തുറന്നു പറയുന്ന മലയാള മീഡിയയില്‍ പത്രസ്ഥാപനങ്ങള്‍ പണം വാരുന്ന പരസ്യദാതാക്കളില്‍ മുന്നിലാണ് വസ്‌തുകൈമാറ്റ വണിക്കുകള്‍. വിപത്സൂചനകളേറെയുള്ള വിപണനസാമ്രാജ്യത്വത്തിന്റെ കടത്തുതോണിയായാണ് മലയും പുഴയും കായലോരങ്ങളുമേരെയുള്ള കേരളത്തിലേക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന്റെ വരവെന്ന് ഇപ്പോള്‍ തിരിച്ചറിയപ്പെടുന്നു. വേഗം പണം ഇരട്ടിയാക്കി മാറ്റാവുന്ന മുന്തിയ മാര്‍ക്കറ്റ് എന്നറിഞ്ഞ് പണമെറിഞ്ഞ് പണം കൊയ്യുന്ന ഈ സംരംഭം മുതല്‍ മുടക്കുകാരെ ആകര്‍ഷിച്ചു. പറക്കുന്ന പണക്കാരെന്ന് റിയല്‍ എസ്റ്റേറ്റ് മുതലാളിമാര്‍ പ്രസിദ്ധരായി. പ്രായം കുറഞ്ഞവരും പാകം കുറഞ്ഞവരുമായിട്ടും രംഗത്തു നിലയുറപ്പിച്ച കുഞ്ഞുമുതലാളിമാര്‍ സര്‍വ്വഥാ യോഗ്യരായി. തര്‍ക്കത്തിലും ക്രമക്കേടിലും കിടപ്പുള്ള വസ്‌തുവകകള്‍ എടുത്തു കേസും കൂട്ടവും തീര്‍ത്തും മറിച്ചും മാറ്റിയും വിറ്റ് കോടികള്‍ മറിച്ചതിന്റെ കഥകള്‍ അങ്ങാടികളെ പുളകം കൊള്ളിക്കുന്നവയായി. വിറ്റെന്നു വരുത്തി, പിന്നെയും വിറ്റെന്നു വരുത്തി ഭൂമി പല മടങ്ങു വില കൂട്ടി വിറ്റതിന്റെ ലാഭക്കഥകള്‍ നാട്ടിന്‍ പുറത്തിന്റെ പോലും ഇതിഹാസങ്ങളായി.
പതിവു പരിഹാര ഫോര്‍മുലകളൊയാകെ പരാജയപ്പെടുത്തിയാണ് വന്‍ നഗരങ്ങലില്‍ ഈ വ്യാപാരശൃംഖലകള്‍ വ്യാപരിച്ചത്. പകയും തിരിച്ചടിയും തീര്‍ക്കാന്‍ കൊലയാളി സംഘങ്ങള്‍ക്ക് കൊട്ടേഷന്‍ കൊടുത്തുള്ള മരണക്കളികള്‍. വൈരനിര്യാതനത്തിനു കൊല തന്നെയായി മിനിമം പരിപാടി. കോടികള്‍ കൈമറിഞ്ഞുപോയവന്റെ മനസ്സമാധാനത്തിന് മറ്റെന്തു വഴിയെന്ന് ഈ പാതകങ്ങളെ സമൂഹം ശരിവെക്കുന്നതും സ്വഭാവികമായി, പാതകങ്ങള്‍ സ്വഭാവിക സംഭവങ്ങളായി പരിണമിക്കുന്നു കേരളത്തിലിപ്പോള്‍. മേനി നടിക്കാന്‍ പോന്ന വരുമാന ലബ്‌ധി കിനാവു കണ്ട് റിയല്‍ എസ്റ്റേറ്റിലേക്ക് നിത്യവും പുത്തന്‍ കൂറുകാര്‍ വന്നു ചേരുന്നു. ദൂര ദേശങ്ങലില്‍ വരേ റയിഞ്ചുള്ള പുത്തന്‍ ബിസിനസ്സുകാര്‍ മേഖലയില്‍ പിറവിയെടുക്കുന്നു. വിസ്‌തൃത കേരളത്തിന്റെ ഭൂഉടമസ്ഥതയെ ചെറിയൊരു ന്യൂനപക്ഷത്തിന്റെ കൈകളിലേല്‍പിക്കുന്ന ക്രയവിക്രയമാണ് റിയല്‍ എസ്റ്റേറ്റ് എന്ന പേരില്‍ നടക്കുന്നതെന്ന് എന്നോ വിലാപങ്ങളുയര്‍ന്നതാണ്. ചരിത്രകാരന്‍മാര്‍ സാമൂഹിക പ്രവര്‍ത്തകര്‍ സാംസ്‌കാരിക വണിക്കുകള്‍ എന്നിവര്‍ ധാരാളമുള്ള കേരളം എത്ര പ്രബുദ്ധമെന്ന് മേനി പറയാറുണ്ടെങ്കിലും വൈകി മാത്രം വിവേകമുണരുന്നവരുടെ മടിത്തട്ടാണ്. അധികാരത്തിന്‍രെ മേലങ്കിയണിഞ്ഞവര്‍ക്കും പ്രബുദ്ധതയുടെ പട്ടു കുപ്പായമിട്ടവര്‍ക്കും മനസ്സിലാകാത്തതും ജനങ്ങള്‍ക്കു മനസ്സിലാകുന്നതുമായ മറ്റൊരു മാനനഷ്‌ടമായി കേരളം റിയല്‍ എസ്റ്റേറ്റ് വിപണിയുടെ അപായങ്ങള്‍ അനുഭവിച്ചറിയുന്നുണ്ട്. പാവങ്ങളോട് സാഹോദര്യത്തിന് സന്‍മനസ്സു കാട്ടിയിരുന്നു പഴയ പ്രഭുക്കള്‍. ഭൂദാനം മുതല്‍ ഇഷ്‌ടദാനം വരേ ചരിത്രത്തിലെ രജതരേഖഖളായത് അങ്ങോനെയാണ്. ഇപ്പോള്‍ മധ്യവര്‍ഗ്ഗ അഭിരുചികളുടെ വ്യാജ അഭിമാനത്തില്‍ പൊതിഞ്ഞ ദാരിദ്ര്യവുമായി പുലരുമ്പോഴും നവ മുതലാളിത്തങ്ങളെ സ്‌തുതിച്ചു നിര്‍വൃതിയടയുന്നവരാണ് കേരളത്തിലേറെയും. അങ്ങനെ പ്രലോപനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വശംവദരായി കിടപ്പാടം തന്നെ അന്യാധീനപ്പെടുത്തുകയാണ് നാട്.
മലകള്‍, പുഴകള്‍, കായലോരങ്ങള്‍, കൃഷിനിലങ്ങള്‍, വനങ്ങളെല്ലായിടത്തുമിപ്പോള്‍ അപരിചിത അടയാളങ്ങള്‍ കാണാം. ഒന്നുകില്‍ ഒരു ജെസിബി മണ്ണുമാന്തുന്നതിന്റെ, അല്ലങ്കിലൊരു കോണ്‍ക്രീറ്റ് വനം ഉയരുന്നതിന്റെ. ഇടുങ്ങിയ മലമ്പാതയില്‍ ഒരു സുപ്രഭാതത്തില്‍ ഏതാനും വഴിപ്പണിക്കാരും ഒരു മണ്ണുമാന്തിയും വന്ന് മണ്ണിളക്കിത്തുടങ്ങുമ്പോഴാണ് ഇന്നലെ വരെ പൊതുസ്വത്തായിരുന്ന ആ ഭൂ ഭാഗത്തിന് ഇന്നത്തോടെ ഒരവകാശി ഉണ്ടായതു നാമറിയുക. ഭൂമിയുടെ അവകാശികള്‍ കുടിയിറക്കപ്പെട്ടും കുടിയിറങ്ങിക്കൊടുത്തും വെട്ടിപ്പിടിക്കാന്‍ ഒരു സാമ്രാജ്യം. പൊതു സ്വത്തുക്കളായ കുന്നും മലയും ചാര്‍ത്തിക്കൊടുത്ത് ഈ സാമ്രാജ്യത്തിനു വിടുപണിയെടുക്കാന്‍ ജനം തന്നെ ചെല്ലുംചെലവും കൊടുത്തു പോറ്റുന്ന ഉദ്യോഗസ്ഥ വൃന്ദം. ലോകത്തെവിടെയും റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ് പുതിയ പ്രഭുത. ലോകം വെട്ടിപ്പിടിക്കുന്ന മറ്റൊരു ഇംപീരിയലിസം. പൂവല്ലി പുല്ലു പുഴു പല്ലി പിപീലികാന്തം ആവിര്‍ഭവിച്ചു മറയുന്ന ജഗത്തിനെല്ലാമാധാരമായി നിലകൊള്ളുമനന്ത ശക്തിയായി മനുഷ്യര്‍ കരുതിയും അനുസരിച്ചും പോന്ന പ്രകൃത്യതീത ശക്തിയേക്കാള്‍ ജനതയെ ഭയപ്പെടുത്തിയും സുഖിപ്പിച്ചും വര്‍ത്തിക്കുന്ന നവസാമ്രാജ്യത്വത്തിന്റെ അധികാര ഗര്‍വ്വുകള്‍ വാഴുന്ന, പിമ്പുകള്‍ മേയുന്ന മേഘല. ഇന്ത്യയില്‍ ലാഭം എന്ന ഒറ്റക്കണ്ണുള്ള കച്ചവടപ്പിശാച് കുടിപാര്‍ക്കുന്ന ഈ ദുര്‍ഗ്ഗം ജനാധിപത്യത്തിന്റെ പറയപ്പെട്ട നാല് എസ്റ്റേറ്റുകള്‍ക്കും മീതെ അതിന്റെ അധികാരമുറപ്പിച്ചു കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റാണ് ജനാധിപത്യത്തിന്റെ മീതെയുള്ള ഈ അഞ്ചാംഎസ്റ്റേറ്റ്. മറ്റ് നാലു ജനാധിപത്യ മര്യാദകളേയും വിലക്കെടുക്കാനും അടക്കിയൊതുക്കി നിര്‍ത്താനും പോന്ന ബലിഷ്‌ഠകരമാണതിന്റേത്.
ബാപ്പ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് തുടങ്ങിയതോടെ പഠിപ്പു മതിയാക്കിയ ഉള്ളില്‍ കവിതയുള്ള ഒരു കൂട്ടുകാരനുണ്ട്. അവന്റെ കഥയില്‍ ബപ്പക്കു പണ്ട് നാടന്‍ കച്ചവട ദല്ലാളുടെ വേഷമായിരുന്നു. പിന്നെ കൂട്ടുകാരനൊപ്പം ചേര്‍ന്ന് അദ്ദേഹം കാലത്തിനൊത്ത് മുഖം മാറ്റി. ഇപ്പോള്‍ വച്ചടി വച്ചടി കയറ്റമാണ്. മകനെ ഇടപാടിലെ തിരക്കു കുറക്കാനാണ് രംഗത്തിറക്കിയത്. പതുക്കെ അവനും മറ്റെല്ലാം മറന്ന് പുതുപ്പണക്കാരന്റെ മോടികളുള്ള ദല്ലാളും ബിനാമിയുമായി. ബാപ്പയെ വെല്ലുന്ന വളര്‍ച്ച. ഇന്നലെ അട്ടപ്പാടിയില്‍ നിന്ന് കുശലം പറയാനായവന്റെ സൗഹൃദം ചൊരിയുന്ന വിളി വന്നാല്‍ പിറ്റേന്നവന്‍ വിളിക്കുക ഗുണ്ടല്‍പേട്ടില്‍ നിന്നാവും. അടുത്ത ദിവസം മണ്ണര്‍ക്കാട്ടു നിന്നാവും വിളി. മണ്ണില്ല ആറില്ല കാടുമില്ല എന്ന കടമ്മനിട്ട കവിത ചേര്‍ത്ത് അവന്‍ ആദിവാസി ഊരുകളുടെ സല്‍ക്കാരങ്ങളിലേക്കു ക്ഷണിക്കും. ഓരോ യാത്രയുമവന് ഉല്ലാസയാത്ര. എല്ലാ മൊബൈല്‍ നെറ്റ് വര്‍ക്കുകളിലും ഓരോ കണക്ഷനുള്ള അവനാണ് അവന്റെ കാലത്തിനും ലോകത്തിനും മാതൃക. നേരത്തിനു ബസ്സോട്ടമില്ലാത്ത അങ്ങാടി നിരത്തിേലക്ക് സുഹൃത്ത് ഒരു ജെ.സി.ബിയുമായി പ്രത്യക്ഷപ്പെട്ടപ്പൊള്‍ ആളുകള്‍ അവന് പണ്ടത്തെ കാലത്തെ ആനയെ വാങ്ങിയവന്റെ ഗമയാണ് അനുവദിച്ചുകൊടുത്തത്. എന്നാലും ഇവനിതെന്തിന്റെ കേടാണ് ഇതിനെ എവിടെയാണ് കെട്ടുക, എന്തു പണിയാണെടുപ്പിക്കുക എന്ന് സംശയപ്പെട്ടിരുന്നു ചിലരെങ്കിലും. ഇപ്പോഴവന്‍ രണ്ട് ജെ.സി.ബികള്‍ക്ക് ഉടമ. രണ്ടിനും തീര്‍ത്താല്‍ തീരാത്ത പണി. ഭൂമിയില്‍ മുഴച്ചു നില്‍ക്കുന്നതെന്തു കണ്ടാലും നീ ഉടച്ചുകളയുമല്ലേ എന്നവനെ ചൊടിപ്പിക്കാന്‍ പറഞ്ഞ തമാശ ഫലിച്ചിരിക്കുന്നു. മണ്ണും മരവും വേരുമെല്ലാം കുഴിച്ചുകോരാന്‍ ഈ മണ്ണുമാന്തികള്‍ക്ക് കുറച്ചുനേരം മതി. മദ്രസ്സ വിട്ടുവന്ന കുഞ്ഞനിയന്‍ ചോദിക്കുന്നു. ജെ.സി.ബിയുടെ ഫുള്‍ഫോം പറയാമോ?. അറിയില്ലെന്ന ഉത്തരം ജെ.സി.ബിയുടെ ആരാധകനായ അവനെ നടുക്കുന്നു. എന്നിട്ട് അഭിമാനപൂര്‍വ്വം പറയുന്നു: ജോറായ കോരലും ബാരലും. വാരിക്കോരി നമ്മള്‍ നീക്കം ചെയ്യുന്നത് ഈ കുഞ്ഞുങ്ങളുടെ ഭാവി അവകാശമാക്കിയ മണ്ണും മരവും പച്ചപ്പും ജീവിതങ്ങളുമാണ്. നാളെയുടെ വിധികര്‍ത്താക്കളായ ഈ തലമുറ ആസനസ്ഥരായാല്‍ ചരിത്രത്തിന്റെ ഉമ്മറത്തു നിന്നു പോലും നമ്മെ നിര്‍ദ്ദയം നീക്കം ചെയ്‌തേക്കും, ഈ തന്തമാര്‍ തങ്ങളുടേതല്ലെന്ന്.
Our bulldozed history.. we can repeat it again and again until history become legendary