ബ്ലോത്രം ഓണപ്പതിപ്പ് 2009

എഡിറ്റര്‍:രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ലേ ഔട്ട്:നസീര്‍ കടിക്കാട്
കവര്‍:പകല്‍കിനാവന്‍
സാങ്കേതികം:ടി.എ.ശശി
വര:സുരേഷ്





 
3പ്രതികരണം:

Post a Comment

ഓണപ്പതിപ്പ്>>
 
സ്വപ്നവ്യൂഹം
Sunday, August 30, 2009

രശ്മി കെ. എം


സ്വപ്നങ്ങളാവാം.
തായ്‌വേരുണങ്ങിയ പാഴ്മരം
വീണുപോയ്, തോന്നലാവാം.
നീളനുറക്കത്തില്‍ ദിക്കുകള്‍ ബന്ധിച്ചു
തോല്‍പ്പന്തുതട്ടി രസിക്കയാവാം

കണ്മുന്നിലെല്ലാം മലം
നൂല്‍മറയില്ലാതെ ചൂളുന്ന നഗ്നത
കാല്‍ വിരല്‍ ചുംബിച്ച കാമുകന്‍
പാദം പുണര്‍ന്നുപായുന്ന സര്‍പ്പം
ഉള്‍വയറ്റിന്‍ നീര്‍ന്നുരസ്പന്ദനം
ചുറ്റിപ്പിഴുത നീണ്ട ചുരുള്‍മുടി
ചോര കൊഴുത്ത വിരലുകള്‍
ആള്‍ത്തിമിര്‍പ്പില്‍ കൈവിട്ട കുഞ്ഞ്
ഓടിച്ചിഴയ്ക്കുന്ന ഭൂതങ്ങള്‍

സ്വപ്നങ്ങളാവാം.

ചിറ്റമൃതും കീഴാര്‍നെല്ലിയുമേറ്റി
സൈക്കിളിലച്ഛന്‍.
എത്രനാളായൊന്നു കണ്ടിട്ട്!
കെട്ടിപ്പിടിച്ചപ്പോള്‍
ഉരസി മുള്ളന്‍ താടി,
ഉടലില്‍ തൈലഗന്ധം, അതേ ചൂട്.
കാലില്‍ നീരുണ്ടോ?
ഞെട്ടിത്തിരയുമ്പോള്‍,
മുറ്റത്തു വള്ളിപ്പാല,
വെളുത്ത ശംഖുപുഷ്പം.

പ്രണയമേയില്ലെന്ന്
ജന്മം കുടയായെടുത്തവന്‍
പ്രളയമായ്നിന്നിട്ടും
കരളുരുകാത്തവന്‍
കുഞ്ഞുമോനൊന്നിച്ചു പോകണം.
ശ്വാസം കുരുങ്ങുമ്പോള്‍
നോവുമോ പൊന്നിന്?
മീനുകള്‍ ചൂടോടെ തിന്നുമോ

പൂന്തളിര്‍ മേനി?
അയ്യോ, ഒന്നുണര്‍ന്നെങ്കില്‍...

പ്രിയോര്‍മാങ്ങകള്‍ വീഴാന്‍
ഉച്ചവെയിലിനോടൊപ്പം
തിണ്ണയില്‍ കാത്തുകിടന്നേയുള്ളൂ.
പീഞ്ഞാറി പാറിച്ച കാറ്റ്
കൊന്നമേല്‍ കൈവച്ചതേയുള്ളൂ.
റാട്ടുപുരയിലെ പെണ്ണുങ്ങള്‍
ഉച്ചത്തിലിപ്പോള്‍ ചിരിച്ചേയുള്ളൂ.
ചൂടന്‍ കിഴങ്ങിന്‍ മണവുമായ്
അമ്മവന്നിപ്പോഴുണര്‍ത്തും.
കാപ്പിയൂതുമ്പോള്‍ ചോദിക്കണം,
ഒരിലഞ്ഞിമാല ശ്രീമുരുകനിട്ടാല്‍
തീരുമോ, ഈ സ്വപ്നതാണ്ഡവം.



 
വീട്
ബ്ലോത്രം ഓണപ്പതിപ്പ് 2009