ഓണത്തിനും വിഷുവിനും വീട്ടിൽ നോൺ-വെജ് നിർബന്ധമാണ് എന്ന് മഹാരാജാസിലെ എം. എ. കാലത്ത് ചാവക്കാട് മണത്തലക്കാരൻ ഉണ്ണി പറഞ്ഞു കേട്ടപ്പോൾ എനിയ്ക്കാദ്യം വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല. അഞ്ചാറ് കൊല്ലം കഴിഞ്ഞ് ഒരു ചോത്തിയെ കെട്ടിയ ശേഷമുള്ള ആദ്യഓണസദ്യ ഭാര്യവീട്ടിൽ ഉണ്ടത് തൂശനിലയിൽത്തന്നെ കോഴിക്കറി, ചെമ്മീൻ കറി, കണമ്പു കറി, കരിമീൻ വറുത്തത് എന്നിവ കൂട്ടിയായിരുന്നു. ഏമ്പക്കം വിട്ട് ദേശാഭിമാനി ഓണപ്പതിപ്പ് വായിക്കാനിരുന്നപ്പോളും എന്റെ വളയൊന്നും ഊരിപ്പോയില്ല. ആഘോഷങ്ങളുടെ രാഷ്ട്രീയം സിമ്പ്ളാണ് - സാധാരണമായി പോകുന്ന 360 ദിവസങ്ങളുടെ ദാരിദ്യ്രത്തെ കൊല്ലത്തിൽ അഞ്ചു ദിവസമെങ്കിലും ഓണം, വിഷു എന്നിങ്ങനെ എന്തെങ്കിലും പറഞ്ഞ്, കോണം വിറ്റിട്ടായാലും മറക്കുക.
എന്നാൽ ആഘോഷങ്ങളുടെ രാഷ്ട്രീയം എന്ന പേരിൽ കെ. ഇ. എൻ. എഡിറ്റു ചെയ്ത് പുറത്തുവിട്ടിരിക്കുന്ന പുസ്തകത്തിൽ മറ്റെന്തൊക്കെയോ പറയുന്നു. കാളൻ മാത്രമല്ല കാളയും കഴിയ്ക്കണമെന്നോ... അങ്ങനെ പലതും. രസമുള്ള ഒരു പ്രാസം കിട്ടിയാൽ അതിന്റെ പൊറത്ത് വേണെങ്കിൽ ഒരു തിയറി തന്നെ കെട്ടിയുണ്ടാക്കാൻ മടിയ്ക്കാത്ത വാർധക്യകാല കമ്മ്യൂണിസ്റ്റുകാരുടെ ശിഷ്യരല്ലേ - ഇതും ഇതിലപ്പുറവും പ്രതീക്ഷിയ്ക്കാം.
കേരളത്തെ കേരളാമോഡൽ എന്നു വിളിയ്ക്കേണ്ടത് 56 ശതമാനം ഹിന്ദുക്കളും ബീഫ് തിന്നുന്നതുകൊണ്ടു കൂടിയാണ്. കെ. ഇ. എന്റെ നേതാവു പറഞ്ഞത് കേരളീയ ഹൈന്ദവതയെപ്പറ്റിയും പറയാം - ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.
[ചാവക്കാട്, വടക്കൻ പറവൂർ ചോമ്മാരുടെ കാര്യമാണ് മേല്‍പ്പറഞ്ഞത്. ഇതെല്ലാം ഡിസ്കസ് ചെയ്തപ്പോൾ കൂത്താട്ടുകുളംചോവനും പഴയ സംസ്ഥാന സ്കൂൾ കലോത്സവ പദ്യപാരായണ ഒന്നാം സ്ഥാനക്കാരനും നാട്ടിലായിരുന്നപ്പോൾ പാർട്ടി ക്വയർ അംഗവുമായ ഷാജിമോൻ പറഞ്ഞതു കേൾക്കണോ - കൂത്താട്ടുകുളം ഏരിയയിലെ ചോമ്മാർക്ക് പന്നിയിറച്ചി ഇല്ലാത്ത വിഷുവിനെപ്പറ്റി ‘ചിന്തിയ്ക്കാൻ കൂടി വയ്യെന്ന്’. ചാച്ചൻ ഫെയ് ൽഡ്].
അതിനപ്പുറം ഒരു ഡയമൻഷൻ കൂടിയുണ്ട് ഓണത്തിന്. ഓണം യഥാർത്ഥത്തിൽ ഒരു കരിദിനമല്ലേ?
നേരാംവണ്ണം ഭരിച്ചിരുന്ന മാവേലിമന്ത്രിസഭയെ മറിച്ചിട്ട ദേവന്മാരുടെ വിമോചനസമരത്തിന്റെ ഓര്‍മയെ ആര്‍പ്പുവിളിച്ച് പരിഹസിക്കുന്ന ഒരു പ്രതിഷേധദിനം. ആ അര്‍ത്ഥത്തില്‍ ഇതൊരു സവര്‍ണ ഹൈന്ദവ ആഘോഷമാണെന്നല്ല, ഹൈന്ദവ ആഘോഷം പോലുമല്ല. എന്നല്ല, സത്യത്തില്‍ ഇതൊരു ഹൈന്ദവ വിരുദ്ധ ഉത്സവം കൂടിയാണ്. ഒരു യഥാര്‍ത്ഥ ദ്രാവിഡ ഉത്സവം.

ഓണം ഒരു സവര്‍ണ ഹൈന്ദവ ഉത്സവമാണെന്നും മറ്റും വാദിച്ച് ഇവരെല്ലാം മാര്‍ക്കറ്റിലിറക്കിയ പുകിലുകള് ഓര്‍ക്കുമല്ലോ. ആരെ പ്രകോപിപ്പിക്കാനാണ് ഇവരുടെ വാദങ്ങള്‍? ഏതുത്സവമാണ് ഇവര്‍ക്കാഘോഷിക്കേണ്ടത്? ഏതാണ് ഇവരുടെ മാതൃകാറിപ്പബ്ലിക്ക്? തൃശ്രൂരിന് തെക്കുള്ള അരയന്മാരെ ആറെസ്സെസ്സുകാർ ഹൈജാക്കു ചെയ്ത് കൊണ്ടുപോയപ്പോൾ എവിടെയായിരുന്നു ഇവരും ഇവരുടെ പാർട്ടിയും? എൻ.ജി.ഓസിനേയും കമ്പനിത്തൊഴിലാളികളേയും പോലെ ശമ്പളവും, ചെത്തുകാരെപ്പോലെ ക്ഷേമനിധിയും ബോണസുമില്ലാത്ത, കാറ്റും മഴയും വന്നാൽ തോണിയിറക്കാൻ പറ്റാത്ത, ലെവി പിരിയ്ക്കാൻ സ്കോപ്പില്ലാത്ത, കീടങ്ങളാണല്ലോ അല്ലേ മീൻപിടിത്തക്കാർ?
ഓ. വി. വിജയന്റെ ഒരു ചോദ്യം ഓർമ വരുന്നു. ഇട്ടിരാരിച്ചൻ നായരുടെ കവിതാരീതിയെപ്പറ്റി ദെറീദയ്ക്ക് അറിയില്ലെങ്കിൽ ദെറീദയെപ്പറ്റി അറിയില്ലെന്ന് പറയാൻ നമ്മൾ എന്തിന് ഭയപ്പെടണം?
ഇവിടത്തെ ഇട്ടിരാരിച്ചൻ നായർ കാവ്യ മാധവനാണ്. കാവ്യ ഒരിന്റർവ്യൂവിൽ പറഞ്ഞിരുന്നു ഉത്തരമലബാറിൽ ഓണത്തിനും മറ്റും മീനും ഇറച്ചിയുമില്ലാത്ത കാര്യം ആലോചിയ്ക്കാൻ വയ്യെന്നു പറഞ്ഞപ്പോൾ മധ്യകേരളീയ കൾച്ചർ വൾച്ചേഴ്സ് ഭരിയ്ക്കുന്ന സിനിമാലോകം കളിയാക്കിയെന്ന്. കേരളത്തെപ്പറ്റി കാവ്യ മാധവനേക്കാൾ കൂടുതലായി എന്താണ് അന്തോണിയോ ഗ്രാംഷിയ്ക്ക് പറഞ്ഞു തരാനുള്ളത്?
ഐതിഹ്യങ്ങള്‍ എന്തായാലും ഓണം സെക്കുലറായിക്കഴിഞ്ഞു. ബോണസ്, റിഡക്ഷൻ സെയിൽ, കള്ളുകച്ചവടം... അങ്ങനെ കമേഴ്സ്യലൈസേഷന്‍ അതിനെ വിഴുങ്ങി. - അത് പക്ഷേ ഓണത്തെ മാത്രമല്ലല്ലൊ? അത് എല്ലാ മേഖലകളിലും വന്നില്ലേ? അത് ഓണത്തിന്റെ കുറ്റമാണോ?. ഓണത്തിന് വന്നുപെട്ട എല്ലാ കമ്പോളവത്കരണങ്ങളുടേയും ഉള്ളില്‍ അതിന്റെ ആസുര രാഷ് ട്രീയം അമര്‍ന്നുപോയതാണ്. അത് പുറത്തെടുക്കുവാന്‍ കഴിവില്ലെങ്കില്‍ അതിനെപ്പറ്റി തെറ്റിദ്ധാരണ പരത്താതിരിക്കാനെങ്കിലും കുഞ്ഞുമനസ്സുള്ളവരും ബാലമനസ്സുള്ളവരും ശ്രമിക്കണം.
360 ദിവസവും ബീഫും മീനും കഴിയ്ക്കുന്ന സവർണഹിന്ദുക്കളെ കൊല്ലത്തില്‍ അഞ്ചു ദിവസമെങ്കിലും കാളനും ഓലനും മാത്രം കഴിയ്ക്കാന്‍ അനുവദിക്കുക. അവരുടെ കീഴ്ശ്വാസങ്ങൾ അഞ്ചു ദിവസമെങ്കിലും വ്യത്യസ്ത ഗന്ധം പുറപ്പെടുവിയ്ക്കട്ടെ.
അത്തത്തിന് ഒരു ഫ്ലവർവേസ് വാങ്ങണമെന്നുണ്ടായിരുന്നു. പത്തുദിവസം പൂ മാറ്റാമെന്നും വിചാരിച്ചിരുന്നു. അപ്പോൾ അതാ കിടക്കുന്നു പൂക്കളോടുള്ള ക്രൂരതയെപ്പറ്റി ലതീഷ് മോഹന്റെ ലത്.
ശനീം ഞായറും വീക്കെൻഡാക്കിയിരിക്കുന്നത് ആ ദിവസങ്ങളാണ് കൃസ്ത്യാനികൾക്കും ജൂതന്മാർക്കും കടമുള്ള ദിവസങ്ങള്‍ എന്നതുകൊണ്ടാണ്. അതായത് പള്ളീപ്പോണ ദിവസങ്ങള്‍.
ഹിന്ദൂസും മുസ്ലീംസും ഭൂരിപക്ഷമുള്ള ഇന്ത്യയിൽ അതല്ലേ കുഞ്ഞേ എങ്കി ആദ്യം മാറ്റണ്ടെ?
360 ദിവസവും ബീഫും മീനും കഴിയ്ക്കുന്ന സവർണഹിന്ദുക്കളെ കൊല്ലത്തില്‍ അഞ്ചു ദിവസമെങ്കിലും കാളനും ഓലനും മാത്രം കഴിയ്ക്കാന്‍ അനുവദിക്കുക. അവരുടെ കീഴ്ശ്വാസങ്ങൾ അഞ്ചു ദിവസമെങ്കിലും വ്യത്യസ്ത ഗന്ധം പുറപ്പെടുവിയ്ക്കട്ടെ.
Agree with you..