ബ്ലോത്രം ഓണപ്പതിപ്പ് 2009

എഡിറ്റര്‍:രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ലേ ഔട്ട്:നസീര്‍ കടിക്കാട്
കവര്‍:പകല്‍കിനാവന്‍
സാങ്കേതികം:ടി.എ.ശശി
വര:സുരേഷ്





 
27പ്രതികരണം:
  • Blogger എതിരന്‍ കതിരവന്‍

    ഇതാ ഒരു ചെമ്പുതകിട്. നോക്കണ്ടാ. വെറുതേ ഒന്നു തൊട്ടേ. വിരൽത്തുമ്പത്താണെങ്കിലും ചിലടത്ത് ഒരു പുളിപ്പ് തോന്നും. ക്ലാവു പിടിച്ചതാ. കണ്ണീർ വീണതാ....

     
  • Blogger അനിലൻ

    മലയാളത്തിലെഴുതിയിരുന്നെങ്കില്‍ സങ്കടപ്പെടാതെ വായിക്കാമായിരുന്നു.
    ഇത് കണ്ണു നിറഞ്ഞിട്ടു പറ്റുന്നില്ല!

     
  • Blogger ബിനീഷ്‌തവനൂര്‍

    vilson oru umma

     
  • Blogger പകല്‍കിനാവന്‍ | daYdreaMer

    ദൈവം നേരിടു‌ വന്നു അനക്കെന്ത്‌ വരമാടാ മരത്തലയാ വേണ്ടതെന്ന് ചോയിച്ചാല്‍ .. ഞാമ്പറയും എനക്ക് ഇനീം ഉസ്കൂളീ പോണംന്ന് .. പെരുത്തിഷ്ടയെടാ..

     
  • Blogger Kaithamullu

    വിത്സാ (Vilsaa)

    നസീറിന്റെ ചോദ്യങ്ങള്‍ ശ്രദ്ധിച്ചതേയില്ല,
    മറുപടിയായെഴുതിയ കവിതകള്‍ ‍ ആസ്വദിക്കുന്ന തിരക്കില്‍!

    നല്ല ഓണസദ്യ തന്നെ!
    ഹാപ്പി ഓണം!!

     
  • Blogger സുനില്‍ ‍‍‍പെരുമ്പാവൂര്‍

    ഇത്രയ്ക്ക് കുട്ടിയായിരുന്നില്ല അന്ന്. 4 മണിയ്ക്ക് എണീക്കും. അപ്പന്‍ പശുവിനെ കറക്കാന്‍ ഉണരുമ്പോള്‍ വിളിക്കും. കറന്ന് ആദ്യത്തെ കപ്പ് പാല്‍ തരും. പശുവിനെ കറന്ന് തീരുന്നതിന് മുന്‍ പേ അപ്പന് കാപ്പി തൊഴുത്തില്‍ കൊണ്ട് പോയി കൊടുക്കണം .6 മണിയ്ക്ക് പള്ളിയില്‍ പോകും. ഓടി വന്ന് പാല്‍ ഡയറിയില്‍ കൊണ്ട് പോകും. അപ്പോഴേക്കും 8 മണിയാകും. കഞ്ഞിയും കുടിച്ച് സ്കൂളില്‍ പോകും.


    അതിനിടയില്‍ പെരുക്കപ്പട്ടികയും, a b c d യും ഒക്കെ കഴിയും.


    വൈകുന്നേരം വന്നാല്‍ അപ്പന്റെ കൂടെ നനയ്ക്കാന്‍ പോണം. പാടത്തും പറമ്പിലും.

    ഇത് ഞാന്‍ തന്നെ അല്ലെ എന്നൊരു ശങ്ക ...


    ലളിതം, സുന്ദരം , വശ്യം ... യാത്ര തുടരുക ..

     
  • Blogger ഇ.എ.സജിം തട്ടത്തുമല

    വയിച്ചു. ആശംസകൾ!

     
  • Blogger കാടോടിക്കാറ്റ്‌

    എന്റെ പേര് പാട്ടാക്കിയ കണ്ണില്ലാത്ത പാട്ടുകാരാ , നിങ്ങള്‍ അന്ന് പറഞ്ഞതൊക്കെ ഫലിച്ചിരിക്കുന്നു. തകിടുകള്‍ തരികയാണ് എല്ലാവരും. അന്നത്തെ എന്നെ പോലെ തന്നെ. പറ്റിക്കാന്‍ അല്ലായിരിക്കും. അവര്‍ക്ക് ഇഷ്ടമുള്ളത് തരുന്നതായിരിക്കും. ഇഷ്ടം കൊണ്ട് തരുന്ന തകിടുകള്‍. അത് സ്വര്‍ണ്ണമായി കരുതി ഉള്ളില്‍ കരുതുകയാണ്...

    കവിത തന്നെ മറുപടികളും..!!
    ആശംസകൾ

    ഷീല ടോമി, ദോഹ

     
  • Blogger വികടശിരോമണി

    ആകെയൊരു നീറ്റൽ...
    കെട്ടിപ്പിടിച്ച് ഒരുമ്മ തരട്ടെ?:)

     
  • Blogger പ്രയാണ്‍

    വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ വിരിഞ്ഞത് അപ്പാടെ ഇവിടെ പകര്‍ത്തുന്നു.........:)........

     
  • Blogger പാവത്താൻ

    ഇല്ല, ജൂണില്ല, കുടയില്ല, മനസ്സില്‍ മഴ മാത്രം... അതു തൊരാതെ പെയ്തു പെയ്തു നില്‍ക്കട്ടെ... അതിമനോഹരം...

     
  • Anonymous Kiranz..!!

    ഇതിൽ ഒരു ചോദ്യം മിസ്സിങ്ങാ..ആരാടോ തന്നെ കള്ളം പറയാൻ പഠിപ്പിക്കാഞ്ഞതെന്ന് ?
    ഓണപ്പതിപ്പുകളിൽ ഇ-ത് ഒരു വ്യത്യസ്ഥനാം ബാലനാ..നസീർ കടിക്കാടിനും അഭിനന്ദനങ്ങൾ,ഒപ്പം ബ്ലോത്രത്തിനും..!

     
  • Blogger gramasree

    ആ ഉസ്കൂള്‍ കാലത്തിലേക്ക് ഒന്നു കൂടി തിരിച്ചു പോയി മാഷേ..
    -പി. എം. അബ്ദുല്‍ റഹിമാന്‍-

     
  • Blogger സുകന്യ

    vaayichu karanju..
    pinnem vaayichu pinnem karanju

    karayunnathenikkithra ishtamaanennu ippozha manassilaaye.

     
  • Blogger മാണിക്യം

    ആദ്യം കിട്ടിയ അടി?
    ആദ്യം വന്ന സങ്കടം?

    അതുപറയാനവമോ? മറക്കാനാവുമോ?
    "കിട്ടിയ അടികളൊന്നും ഓര്‍‌മ്മയില്‍ വയ്ക്കാറില്ല.
    നാണമില്ലാത്തവന്‍ എന്നാകാം അതിന്റെ മലയാളം.."
    ആവോ അറിയില്ലാ പണ്ട് ഒത്തിരി തവണ കേട്ടിട്ടുണ്ട്
    'നാണംകെട്ടോള്' എത്ര തല്ലു കൊണ്ടാലും ദേ പിന്നെം പൊറകെ വരുന്നുന്ന്
    അതു നാണമില്ലാഞ്ഞാണോ അതോ സ്നേഹമുണ്ടായിട്ടാണോ?
    ഇന്നും വിവേചിച്ചെടുക്കാനറിയില്ല...
    മനസ്സിന്റെ അടിത്തട്ടില്‍ ആരേയും കാണിക്കാതിട്ടതൊക്കെ
    ചികഞ്ഞ് പുറത്തിട്ട് ഒരെഴുത്ത് പലതും ഒര്‍ത്തു പോയി ...
    എഴുത്തിനു പച്ചമണമുണ്ടാകുമോ? ഉണ്ടാവും ഇവിടെ ആ പച്ചെഴുത്ത് മണക്കുന്നു...
    ആശംസകള്‍ നേരാന്‍ വാക്കുകള്‍ ഇല്ല.. എന്നാലും ഒരു ചെമ്പ് എന്റെ വക.

     
  • Anonymous Praveen Mathew, Dubai

  • Anonymous Rojin Pynummoodu,Dubai

  • Blogger വിഷ്ണു പ്രസാദ്

    പറയുന്തോറും വിലപിടിപ്പുള്ളതായി തീരുന്ന നിന്റെയും നിന്റെ ഭാഷയുടെയും രഹസ്യമെന്താണ് വിത്സന്‍?
    കുട്ടമ്പാമ്പുകളെയും പാട്ടു പാടുന്ന കണ്ണുപൊട്ടനേയും ഇവിടേക്ക് തെളിച്ചുകൊണ്ടു വന്ന നസീറിന് അഭിനന്ദനങ്ങള്‍.
    -------------------------
    ഞാന്‍ സ്കൂള്‍ കവിതകള്‍ എന്നൊരു വിഭാഗം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ല.കുട്ടി എന്ന ഓര്‍മയല്ല,അധ്യാപകന്‍ എന്ന അനുഭവമാണ് അങ്ങനെ വല്ലതും എഴുതിച്ചിട്ടുള്ളത്.നദി ഒരു സ്കൂള്‍ കവിതയുമല്ല.

     
  • Anonymous Babitha Praveen , Doha

  • Blogger Kuzhur Wilson

    എന്റെ പേര് പാട്ടാക്കിയ കണ്ണില്ലാത്ത പാട്ടുകാരാ , നിങ്ങള്‍ അന്ന് പറഞ്ഞതൊക്കെ ഫലിച്ചിരിക്കുന്നു. തകിടുകള്‍ തരികയാണ് എല്ലാവരും. അന്നത്തെ എന്നെ പോലെ തന്നെ. പറ്റിക്കാന്‍ അല്ലായിരിക്കും. അവര്‍ക്ക് ഇഷ്ടമുള്ളത് തരുന്നതായിരിക്കും. ഇഷ്ടം കൊണ്ട് തരുന്ന തകിടുകള്‍. അത് സ്വര്‍ണ്ണമായി കരുതി ഉള്ളില്‍ കരുതുകയാണ്. മിക്കപ്പോഴും

    എന്നെ വീണ്ടും കുട്ടിയാക്കിയ നസീറിന്. എല്ലാവര്‍ക്കും നന്ദി

     
  • Anonymous laxmi menon

  • Blogger Melethil

    പല കവികളെ കണ്ടു,തൊട്ടു,വായിച്ചു, എല്ലാം അങ്ങോട്ട്‌ മാത്രം.ഈ കവി മാത്രം പിന്നിം പിന്നിം ഇങ്ങോട്ട് കാണുന്നു,തൊടുന്നു...ഇനിയ്ക്ക് വയ്യ!

     
  • Blogger Kalesh Kumar

    വില്‍‌സാ, നിന്റെ എഴുത്തുപോലെ, നിന്റെ കവിതപോലെ, നിന്റെ വാക്കുകളും നെഞ്ചീന്ന് നേരിട്ടാണല്ലോ!

     
  • Blogger Unknown

    ഒരികല്‍ കൂടി കുട്ടിയാവാന്‍ തോനുന്നു .........ആ സ്കൂളില്‍ ഒന്ന് കൂടി പോവാന്‍ തോന്നും
    ഇഷ്ടായി

     
  • Anonymous അഡ്വ. സക്കീന

    ഇപ്പോഴും കൂഴൂര് തിരയുകയാണോ ? വൈകി പോയി വായിച്ചപ്പോൾ. നന്നായീന്ന് പറയാൻ ഞാനൊന്നുമല്ലല്ലോന്നോർത്തൊരു നന്നായി.

     
  • Anonymous Justin

  • Anonymous NISHA

Post a Comment

ഓണപ്പതിപ്പ്>>
 
മലയാളത്തിലെ ആദ്യത്തെ ഉസ്ക്കൂള്‍‌കുട്ടി
Tuesday, September 1, 2009
നസീര്‍ കടിക്കാട്

കുഴൂര്‍ വിത്സന്റെ ഇ എന്ന കവിതാപുസ്തകം
മുന്നില്‍ നിവര്‍ത്തിവെച്ചിട്ടുണ്ട്
ഉസ്ക്കൂള്‍ തുറന്നുകിടക്കുന്നുണ്ട്.
ഇവന്‍ മലയാളത്തിലെ ആദ്യത്തെ ഉസ്ക്കൂള്‍കുട്ടി







സ്ക്കൂളില്‍ പോയിട്ടുണ്ടോ?പഠിച്ചിട്ടുണ്ടോ?ഇടക്കിടെ സംശയമാവും.സംശയം മൂര്‍ഛിച്ച് പ്രായവും കാലവും മറന്ന് കുട്ടിയാവും .കൂട്ടുകാരുണ്ടാവും.കൃത്യം 10 മണിക്ക്‌ പ്യൂണ്‍ വേലായുധേട്ടന്‍ മണിയടിക്കും.അങ്ങിനെയാണ്‌ പഴയ സ്ക്കൂളില്‍ വീണ്ടും വീണ്ടും ചെന്നുകയറുക.പഴയ ക്ളാസ്സ്‌മുറിയുടെ മണമറിയുക.തൊട്ടടുത്ത ബെഞ്ചില്‍ ശ്യാമളയെ കാണുക.അടുത്ത ക്ളാസ്സില്‍ അറബിക്ക്‌മാഷും മോളിടീച്ചറും പ്രേമത്തിലാണെന്ന് കണ്ടുപിടിക്കുക.രാത്രിയാവുമ്പോള്‍ ബെഞ്ചുകളെല്ലാം ഡസ്ക്കില്‍ കാലുംകയറ്റിവെച്ച്‌ ഉറങ്ങുന്നതും കൂര്‍ക്കം വലിക്കുന്നതുമറിയുക.

അങ്ങോട്ടാണ്‌ അവന്‌റെ വരവ്‌.

കുഴൂര്‍ന്ന്

വള്ളിട്രൌസറില്‍ തൂങ്ങി

മലയാളത്തിലെ ആദ്യത്തെ സ്ക്കൂള്‍കുട്ടിയാണത്രെ

സ്ക്കൂള്‍കുട്ടി.....

ഇനി അവന്‌റെ മെക്കട്ടുകയറാം.

മൂക്ക്‌ തൊട്ട്‌ ശുണ്ഠിപിടിപ്പിക്കാം.

പിന്നെപ്പിന്നെ കൂട്ടുകാരാകാം.

പഴയൊരു സ്ക്കൂളാകാം.

കുഴൂര്‍ വിത്സണ്‍

ആദ്യത്തെ ഉസ്ക്കൂള്‍കുട്ടി
















പണ്ടുപണ്ടൊരു രാവിലെ പതിവുതെറ്റിച്ച്‌ ആദ്യമായി സ്ക്കൂളില്‍ പോയപ്പോള്‍ എന്തായിരുന്നു പേര്‌?

ഉസ്ക്കൂളില്‍ പോകുന്നതിനും മുന്‍പേ അക്ഷരങ്ങളൊക്കെ അറിയാമായിരുന്നു. ഇപ്പോള്‍ കുറെയൊക്കെ മറന്ന് പോയി എന്ന് മാത്രം. തൊട്ടപ്പുറത്തെ ആശാന്റെ ഭാര്യ് മീനാക്ഷി ആശാത്തിയുടെ കോലായില്‍ ഇരുന്നു മണലില്‍ എഴുതിയിട്ടുണ്ട്. അവര്‍ കുറുപ്പന്മാരാണ്‍. ആശാത്തി പിള്ളേരെ പഠിപ്പിക്കുന്നത് കൊണ്ട് അവര്‍ ആശാത്തിയായി. അമ്മയുടെ കുറച്ചുള്ള കൂട്ടുകാരില്‍ ഒരാള്‍. ഒന്നും പഠിപ്പിച്ചില്ല എങ്കിലും ആശാത്തിയുടെ ഭര്‍ത്താവ് ആശാനായി. ആശാന്‍ പണ്ട് കൊടുകില്‍ അപ്പന്റെ കൂട്ടുകാരനായിരുന്നു. അങ്ങനെ അപ്പന്റെയും അമ്മയുടെയും കൂട്ടുകാരുടെ വീടിന്റെ കോലായില്‍

അ എഴുതി. അതിന്‍ മുന്‍പ് ഹരിശ്രീയും.

അപ്പോള്‍ പേര്‍ തെക്കേലെ വിന്‍സന്‍ മോന്‍, അര്‍ക്കക്കാരന്റെ ചെക്കന്‍, അന്നം കുട്ടിയുടെ എളേത് എന്നുമൊക്കെ ആയിരുന്നു. കുരുത്തക്കേട് കാട്ടുമ്പോള്‍ മാപ്ലച്ചെക്കന്‍ എന്നും.

പിന്നെ എരവത്തൂര്‍ ശ്രീനാരായണവിലാസം എല്‍.പി.സ്കൂളില്‍ പോയപ്പോഴാണ്‍ ആദ്യം പേരുണ്ടായത്. വിന്‍സന്‍ വിത്സനായി. പകര്‍ത്തിയെഴുതിയ ടീ‍ച്ചര്‍ അന്നേ തെറ്റിച്ചു. രേഖകളിലൊക്കെ Wilson ആകേണ്ട ഞാന്‍ vilson ആയി.

ഇപ്പോള്‍ ടിക്കറ്റെടുക്കുമ്പോഴും, ഏത് പ്രധാനപ്പെട്ട രേഖകളില്‍ ഒപ്പിടുമ്പോഴും എഴുതുന്നവരോട് ഉറക്കെ പറയും. W അല്ലേ v ആണേ എന്ന്. അത് കൊണ്ട് മിക്കപ്പോഴും ഓര്‍ക്കും എരവത്തൂരിലെ എല്‍.പി.സ്കൂളിനെ. പേര്‍ തെറ്റിച്ച ആളെ അറിയാത്തത് കൊണ്ട് അതോര്‍ക്കാറില്ല.

ഇപ്പോള്‍ ഇവിടെ റേഡിയോയിലേക്ക് ഫോണ് വിളികളും, ഫാക്സും, കത്തും.എസ്.എം.എസും എത്തും.” കുളൂര്‍ വിത്സനെ” തേടി. ചിലപ്പോ ദേഷ്യം വരും. ചിലപ്പോള്‍ ചിരി വരും. ചിലപ്പോ ഒന്നും വരില്ല.

മരിച്ച് കഴിഞ്ഞാലും ഇതൊക്കെ കാണും. ഇന്‍ഷൂറന്‍സ് പേപ്പറില്‍ പേര്‍ എഴുതുമ്പോഴോ, ആധാരത്തിന്റെ പകര്‍പ്പിലോ ഒക്കെ.

അത്തയ്ക്ക് പറഞ്ഞ് കൊടുക്കണം. അവള്‍ വലുതാകട്ടെ.

തുടക്കത്തിലേ തെറ്റായി പോയ പേര്‍ ഓരോ സമയവും ശരിയാക്കിക്കൊണ്ട് നടക്കുകയാണ്. മരിക്കും വരെ തുടരണം. അതിന് ശേഷവും

ദാ,ഇപ്പോഴത്തെപ്പോലെ കുട്ടിയായിരുന്നോ അന്നും?

ഇത്രയ്ക്ക് കുട്ടിയായിരുന്നില്ല അന്ന്. 4 മണിയ്ക്ക് എണീക്കും. അപ്പന്‍ പശുവിനെ കറക്കാന്‍ ഉണരുമ്പോള്‍ വിളിക്കും. കറന്ന് ആദ്യത്തെ കപ്പ് പാല്‍ തരും. പശുവിനെ കറന്ന് തീരുന്നതിന് മുന്‍ പേ അപ്പന് കാപ്പി തൊഴുത്തില്‍ കൊണ്ട് പോയി കൊടുക്കണം .6 മണിയ്ക്ക് പള്ളിയില്‍ പോകും. ഓടി വന്ന് പാല്‍ ഡയറിയില്‍ കൊണ്ട് പോകും. അപ്പോഴേക്കും 8 മണിയാകും. കഞ്ഞിയും കുടിച്ച് സ്കൂളില്‍ പോകും.

അതിനിടയില്‍ പെരുക്കപ്പട്ടികയും, a b c d യും ഒക്കെ കഴിയും.

വൈകുന്നേരം വന്നാല്‍ അപ്പന്റെ കൂടെ നനയ്ക്കാന്‍ പോണം. പാടത്തും പറമ്പിലും. ഇളയതായത് കൊണ്ട് എല്ലാവരും അവിടേക്കും ഇവിടേക്കും ഓടിക്കും.

ശനിയും ഞായറും . ഞായറാഴ്ച്ച രാവിലെ ചേട്ടന്റെ ഇറച്ചിവെട്ടുകടയില്‍ കണക്കെഴുതാന്‍ പോകും . ചില ശനിയാഴ്ച്ച രാത്രികളില്‍ അവയെ അറക്കുന്നിടത്തും . വേണ്ട.

ഇറച്ചിവെട്ടുകടയില്‍ കണക്കെഴുതിയ കൈ മലയാളകവിതയില്‍ വന്നപ്പോള്‍ എന്നതിനെ കുറിച്ച് മുന്പ് കുറിച്ചിട്ടുണ്ട്

അതേക്കുറിച്ച് ഇപ്പോള്‍ എഴുതിയാല്‍ ശരിയാകില്ല. ഉള്ളില്‍ കിടന്ന് മൂക്കട്ടെ. പഴുത്താല്‍ ഒരിക്കല്‍ തിന്നാല്‍ തരാം .

അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഇതൊക്കെ തന്നെയായിരുന്നു തുടരന്‍.

ഇല്ല. ഇത്രയ്ക്ക് കുട്ടിയായിരുന്നില്ല അന്ന്




















അന്നും ജൂണുണ്ടായിരുന്നൊ....

ജൂണില്‍ മഴയുണ്ടായിരുന്നൊ?

ഇല്ല അന്ന് ജൂണുണ്ടായിരുന്നില്ല.

പോപ്പിക്കുട ഉണ്ടായിരുന്നില്ല.

മഴ മാത്രമേ ഉണ്ടായിരുന്നുള്ളൂ

വീട്ടില്‍ നിന്ന് സ്ക്കൂളോളം,സ്ക്കൂളില്‍ നിന്ന് വീടോളം ആരെല്ലാം കാത്തുനിന്നിരുന്നു?

അവളുണ്ടായിരുന്നിരിക്കും അന്നും...

വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ കണക്കില്‍ മിടുക്കനായിരുന്ന സേവി കാത്ത് നില്‍ക്കുന്നുണ്ടാകും. അവന്‍ കണക്കൊക്കെ ചെയ്തിട്ടുണ്ടാകും. അത് കേള്‍ക്കുമ്പോള്‍ നെഞ്ചിടിപ്പ് കൂടും.

മരങ്ങളോട് സംസാരിക്കുന്നതിനും ( അപ്പന്‍ പഠിപ്പിച്ചതാണ്. ഓണത്തിനു മറ്റു വിശേഷങ്ങള്‍ക്കും പാടത്തും പറമ്പിലും പോയി എല്ലാത്തിനെയും കാണണം എന്ന് പറയാറുള്ളത് അപ്പനാണ്. തെങ്ങുകള്‍ക്കും, മരങ്ങള്‍ക്കും എല്ലാത്തിനും ഓണമുണ്ടെന്നും. അന്ന് ദേഷ്യം തോന്നിയിരുന്നു. നല്ലൊരു ദിവസമായിട്ട് പാടത്ത് എന്ന മട്ടില്‍. ഇപ്പോള്‍ ആ വിചാരത്തോട് ആരാധന തോന്നുന്നു) മനോവിചാരങ്ങള്‍ക്കും ആത്മഭാഷണത്തിനും പഠനം ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ എല്ലാ ഹോം വര്‍ക്കും ആദ്യം ചെയ്യുമായിരുന്നു.

വഴിയില്‍ ഏറ്റവുമധികം കാണുക, അല്ലെങ്കില്‍ തിരയുക കുട്ടപ്പാമ്പിനെയാണ്. ഒരു കുട്ടപ്പാമ്പിനെ കണ്ടാല്‍ ഒരു പിരിയഡ് അവധിയായിരിക്കും എന്നല്ലേ. കണക്ക് മാഷ് വരാത്ത തരത്തിലുള്ള കുട്ടപ്പാമ്പുകള്‍ എന്നും കാത്ത് നില്‍ക്കണേയെന്ന് പ്രാത്ഥിക്കും. സേവിയും കൂട്ടരും കണക്ക് ചെയ്തതിനാല്‍ അവര്‍ക്ക് കണക്ക് മാഷ് വരണേ എന്നായിരിക്കും. അവരുടെയും എന്റെയും പ്രാത്ഥനകള്‍ കേട്ട് ദൈവം എന്നും കണ്‍ഫ്യൂഷനാകും. ഇവന് വിഷമമായാലും കുഴപ്പമില്ല എന്ന് തോന്നിയിട്ടാകണം മിക്കപ്പോഴും അദ്ദേഹം എന്റെ പ്രാത്ഥന പെന്‍ഡിംഗില്‍ വയ്ക്കും.

പിന്നെ ആരാ കാത്ത് നില്‍ക്കാന്‍. മൂന്ന് കിലോമീറ്ററുണ്ട്. ഐരാണിക്കുളം സ്ക്ലൂളിലേക്ക്. വഴിയരികിലെ ഇലക്ട്രിക്ക് പോസ്റ്റുകള്‍ ഓര്‍മ്മയിലുണ്ട്. പോകുന്ന വഴിയിലെ മരങ്ങളേയും.

നന്നായി ഓടക്കുഴല്‍ ഊതുമായിരുന്ന ഒരു കണ്ണുപ്പൊട്ടനുണ്ടായിരുന്നു. എല്ലാം പാട്ടുകളും പാടും.

പത്തോ ഇരുപത്തഞ്ചോ പൈസ കൊടുത്താല്‍ നമ്മുടെ പേരും കൂട്ടി ഓടക്കുഴലില്‍ പാട്ട് പാടും. ആളെ കാണുന്നത് വലിയ സന്തോഷമായിരുന്നു. ചിലപ്പോള്‍ എന്റെ പേരും പാട്ടാക്കി പാടിയിട്ടുണ്ട്.

ഒരു ദിവസം കണ്ടപ്പോള്‍ കയ്യില്‍ കിട്ടിയ ഒരു ചെമ്പ് തകിട് കൊടുത്തു. നല്ല ഭംഗിയുള്ള ഒന്നായിരുന്നു. പറ്റിക്കണം എന്ന് വിചാരിച്ചിട്ടൊന്നുമല്ല.

ഒരു കൌതുകം. എനിക്കിഷ്ടമുള്ളത് ആളുടെ പാട്ടിന് കൊടുക്കുന്നുവെന്നേ തോന്നിയുള്ളൂ. ആള്‍ക്കത് പൈസ അല്ലെന്ന് മനസ്സിലായി. കണ്ണില്ലാത്ത ആളല്ലേ. എല്ലാം കാണുമല്ലോ. കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞു. നിനക്കും ഇത് പോലെ പറ്റുമെന്നൊക്കെ പറഞ്ഞു.

സങ്കടം വന്നോ ? ആവോ ? ഇപ്പോള്‍ ഇത് എഴുതുമ്പോഴാ ആളെയും ആ കാര്യവും ഓര്‍ക്കുന്നത്.

എന്റെ പേര് പാട്ടാക്കിയ കണ്ണില്ലാത്ത പാട്ടുകാരാ , നിങ്ങള്‍ അന്ന് പറഞ്ഞതൊക്കെ ഫലിച്ചിരിക്കുന്നു. തകിടുകള്‍ തരികയാണ് എല്ലാവരും. അന്നത്തെ എന്നെ പോലെ തന്നെ. പറ്റിക്കാന്‍ അല്ലായിരിക്കും. അവര്‍ക്ക് ഇഷ്ടമുള്ളത് തരുന്നതായിരിക്കും. ഇഷ്ടം കൊണ്ട് തരുന്ന തകിടുകള്‍. അത് സ്വര്‍ണ്ണമായി കരുതി ഉള്ളില്‍ കരുതുകയാണ്. മിക്കപ്പോഴും

അമ്മയുടെ വിരലും,അച്ഛന്‌റെ കണ്ണും ബെഞ്ചില്‍ തൊട്ടടുത്ത്‌ തന്നെയായിരുന്നോ?

ഇല്ലപ്പാ . അതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ സങ്കടം വരും. എത്രയിലാണ് ഞാന്‍ പഠിക്കുന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.

അവരുടെ കുഴപ്പമല്ല. അമ്മയ്ക്ക് എഴുതാനും വായിക്കാനും അറിയില്ല. അപ്പനും ഇത് രണ്ടും വശം. പെരുക്കപ്പട്ടിക ഏത് ഉറക്കത്തില്‍ ചോദിച്ചാലും തെറ്റാതെ ചൊല്ലണം. അതായിരുന്നു അപ്പന്റെ

ഒരു കരുതല്‍. എന്നാലും എവിടെ പഠിക്കുന്നു. എങ്ങനെ പഠിക്കുന്നു എന്നൊന്നും ചിന്തിച്ചിട്ടില്ല. അതൊക്കെ ചേട്ടന്മാരുടെ കടമയാണെന്നായിരുന്നു അപ്പന്. അവരെയൊക്കെ പഠിപ്പിച്ച് പല വഴിക്കാക്കിയില്ലേ. ഇളയവന്റെ കാര്യം അവര്‍ നോക്കട്ടെ എന്ന് ചിന്ത. അത് കൊണ്ട് റൂള്‍ പെന്‍സിലിനും മറ്റും അവരുടെ മുന്‍പില്‍ പോകണം. അത് കൊണ്ട് മുറിസ്ലേറ്റ് പെന്‍സില്‍ മുറ്റത്ത് തിരയുന്ന എന്നെ മിക്കപ്പോഴും അന്നൊക്കെ കണ്ടിരുന്നു.

















മണിയടിക്കുമ്പോള്‍,മഴയത്തേക്കിറങ്ങുമ്പോള്‍ കുടയാണോ മഴയാണോ അതോ തോട്‌മുറിയുന്നതും,മീനുകള്‍ പാടത്തേക്ക്‌ പായുന്നതുമാണോ ആദ്യം കാണുക?

ചരലില്‍ വീഴുന്ന മഴത്തുള്ളികളെ . പ്രത്യേകിച്ച് ഓടിട്ട സ്കൂളിന്റെ മൂലകളില്‍ വലിയ തള്ളലില്‍ വീഴുന്ന വെള്ളത്തെ.

ടീച്ചറെ അമ്മയെന്നൊ,ചേച്ചിയെന്നൊ,എന്‌റെ പെണ്ണേയെന്നോ എങ്ങിനെയാണ്‌ വിളിച്ചിരുന്നത്‌?

അമ്മയെപ്പോലും ശരിക്കും അമ്മേയെന്ന് വിളിക്കാത്ത , ചേച്ചിയെ പോലും ചേച്ചീയെന്ന് വിളിക്കാന്‍ പറ്റാതിരുന്ന ഞാന്‍ അല്ലേ. നല്ല കാര്യമായി. കവിതയില്‍ പോലും ടീച്ചര്മാരെ ടിച്ചറേ എന്നേ വിളിച്ചിട്ടുള്ളൂ. അത് കൊണ്ടാകണം മുതിര്ന്ന കുട്ടി ഇപ്പോള്‍ കൂട്ടുകാരിയെ അമ്മേയെന്നും ചേച്ചിപ്പെണ്ണേയെന്നും എടീയെന്നുമൊക്കെ വിളിക്കുന്നത്. സ്കൂളില്‍ ഞാനൊരു മുതിര്ന്നവനായിരുന്നിരിക്കണം . എല്ലാം കൊണ്ടും .

അത് കൊണ്ടാകണം സ്കൂളിനെക്കുറിച്ച് ഇ- യെന്ന ഒരു പുസ്തകമുണ്ടായത്. എങ്ങനെയുണ്ടായി എന്ന് ഇപ്പോഴും അത്ഭുതമാണ്. സ്കൂള്‍ ഒരു ബാധയേ അല്ല. ഇപ്പോഴും . ഇ- യ്ക്ക് ശേഷം മലയാളത്തില്‍ എത്രയോ സ്കൂള്‍ കവിതകള്‍ ഉണ്ടായി. മോഹനക്യഷ്ണന്‍ പാലൈസ് എന്ന് പുസ്തകത്തിന് പേരിട്ടു. വിഷ്ണുമാഷും (എന്താ അയാളുടെ നദി എന്ന കവിത) കുരീപ്പുഴയും എഴുതി. ഈ പറയുന്ന നിങ്ങള്‍ പോലും എഴുതി വയസ്സാം കാലത്ത് നിറയെ ഉസ്ക്കൂള്‍ കവിതകള്.

വിത്സന്‍ എഴുതിയത് മാത്രം ആരും കണ്ടില്ലയെന്ന് സുബൈദ ടീച്ചര്‍ എപ്പോഴും പറയും .

ആദ്യം പഠിച്ച അശ്ളീലം?

അശ്ലീലം . അതീപ്പറയുന്ന സ്നേഹം പോലെയാണ്. ഓരോരുത്തര്ക്കും ഓരോരോ സമയങ്ങളില്‍ ഓരോന്ന്.

തിരിച്ചറിയാനായിട്ടില്ല.

അന്ന് ചോദിച്ചിരുന്നെങ്കില്‍ പറയാമായിരുന്നു. പറ്റുമെങ്കില്‍ നമുക്ക് അടുത്ത തവണ ഒരേ സ്ക്കൂളില്‍

ഒരേ ബെന്ചില്‍ കാണാം .

അന്ന് ചോദിക്കാം

പറയാം

ആദ്യം കിട്ടിയ അടി?

ആദ്യം വന്ന സങ്കടം?

ആദ്യം കൊടുത്ത അടിയേ ഓര്മ്മയിലുള്ളൂ. അടിച്ചതിനു ശേഷം സിനിമയില്‍ ഒക്കെ കാണും പോലെ തിരിഞ്ഞു നിന്ന് കരഞ്ഞു. എന്റെ ചേട്ടന്‍ ഞാന്‍ നേരില്‍ കണ്ട ജോണ്‍ എബ്രാഹം ആയിരുന്നു. സിനിമയൊന്നും പിടിച്ചിട്ടില്ലെങ്കിലും

അതിപ്പോഴും അങ്ങനെ തന്നെയാണു.

കിട്ടിയ അടികളൊന്നും ഓര്മ്മയില്‍ വയ്ക്കാറില്ല. നാണമില്ലാത്തവന്‍ എന്നാകാം അതിന്റെ മലയാളം .

കിട്ടിയ അടികള്‍ ഓര്മ്മയില്‍ വയ്ക്കാതെ , കൊടുത്ത അടികള്‍ ഓര്മ്മയി വച്ച്, കിട്ടിയ ഉരുളകള്‍ ഓര്മ്മയില്‍ വച്ച്, കൊ ടുത്ത ഉരുളകളും ഉപ്പേരികളും മറന്ന് എത്രകാലം കഴിയാന്‍ പറ്റുമെന്ന് നോക്കട്ടെ.

രണ്ടിനും കണക്ക് പറയാന്‍ തുടങ്ങുന്ന കാലത്ത് കവിതയെ മറന്നുവെന്ന് പറയണം .

തിരിഞ്ഞ് നിന്ന് കരയണം

സ്ക്കൂള്‍ മുറ്റത്ത്‌ മരമുണ്ടായിരുന്നൊ?

മരത്തിന്‌ പേരുണ്ടായിരുന്നൊ?

മരത്തിനോട്‌ കൂട്ടുകൂടിയിരുന്നോ?

എരവത്തൂരില്‍ ഒരു പീലി മരം .

കാറ്റാടി മരമെന്ന് അതിന് പേര്.

പിന്നെ ഒരു മരത്തെയും ഓര്മ്മയില്ല

ഇന്ത്യയുടെ ഭൂപടം വരക്കുമ്പോള്‍ കുഴൂര്‍ എവിടെയാണെന്ന് ആകുലപ്പെട്ടിരുന്ന് കൂട്ടുകാരനെ കാണാറുണ്ടോ?

എടാ പൊട്ടാ, അത് ഞാന്‍ തന്നെയായിരുന്നെടാ. ഇന്ത്യയുടെ ഭൂപടം വരക്കുമ്പോള്‍ കുഴൂര്‍ എവിടെയാണെന്ന് ആകുലപ്പെട്ടിരുന്ന ആ കുട്ടിയെ കണ്ടിട്ട് കുറെയായി. അയാളിപ്പോള്‍ ഗൂഗിളില്‍ കുഴൂരിനെ തിരയുകയാണത്രേ.















സ്ക്കൂള്‍കാലത്തായിരുന്നല്ലൊ പീടികച്ചുവരില്‍ അവളുടെ രാവുകളുടെ പോസ്റ്റര്‍ വന്നത്‌. എത്രവട്ടം കണ്ടു സീമയുടെ സിനിമ?

അവളുടെ രാവുകളുടെ പോസ്റ്ററുകള്‍ നോക്കി നില്‍ക്കുന്ന

ഒരു സ്കൂള്‍ കുട്ടിയുടെ ചിത്രം ഇ-യില്‍ ഉണ്ടെന്നത് നേര്.

ഇ – എന്റെയും ചിത്രകാരന്‍ സി.സുധാകരന്റെയും പുസ്തകമല്ലേ. അത് സുധാകരനന്‍ വരച്ചതാ. സ്കൂളില്‍ പഠിക്കുമ്പോഴൊന്നും സീമയുടെ പടം അങ്ങനെ കണ്ടിട്ടില്ല. അതൊക്കെ കോളേജ് കാലത്ത്. കൂടുതല്‍ ചാലക്കുടി അക്കരെയില്‍.

സിനിമാ പോസ്റ്ററുകള്‍ കാശ് കൊടുത്ത് വാങ്ങിയിരുന്നു അന്ന്. ബുക്ക് പൊതിയാന്‍. ചേന്ദച്ചോന്റെയും വര്‍ക്കിച്ചേട്ടന്റെയും കടകളുടെ മുന്‍പില്‍ ചാക്കില്‍ ഈര്‍ക്കിലി കുത്തിയാണ് പോസ്റ്ററുകള്‍ വയ്ക്കുക. നല്ല ഉറപ്പും മിനുസവുമാണ് അതിനു. അങ്ങനെ ജയനും നസീറും ഷീലയും സില്‍ക്ക് സ്മിതയും ഒക്കെ ബുക്കിന്റെ പുറം ചട്ടയുടെ മറുപുറത്ത് ഒന്നും കാണിക്കാതെ അടങ്ങിയൊതുങ്ങി ഇരുന്നു

സ്ക്കൂളില്‍ പഠിക്കുമ്പോഴേ, ഞാനേ, അള്‍ത്താര സംഘത്തിലും ഗായകസംഘത്തിലുമൊക്കെ ഉണ്ടായിരുന്ന നല്ല കുട്ടിയായിരുന്നെടോ.

ആരുടെ രാവുകളും പകലുകളും കാണുന്നത് തെറ്റല്ലെന്ന് ഇപ്പോഴല്ലേ മനസിലാകുന്നത്. ഇപ്പോഴാകട്ടെ രാവുകള്‍ക്ക് നല്ല ഇരുട്ടുമില്ല.

അന്നും ഇന്നത്തെപ്പോലെ വള്ളിനിക്കറും മുറിയന്‍ഷര്‍ട്ടുമായിരുന്നോ വേഷം?

ഹ ഹ.

ഓരോരോ വേഷങ്ങള്‍. ഒക്കെ ഒപ്പിക്കല്‍ ആയിരുന്നു.

തിരുപ്പൂരില്‍ നിന്ന് ചേട്ടന്‍ കൊണ്ട് വരുന്ന ടീ ഷര്‍ട്ടുകള്‍. ഒന്നും പാകമാകില്ല. ഒക്കെ വലുതാകും. വലിയ വലിയ ടീ ഷര്‍ട്ടുകള്‍ക്കുള്ളിലെ ചെറിയ ഞാന്‍ അന്നൊക്കെ തെക്കുംചേരിയിലെ ഒരു കാഴ്ച്ച തന്നെയായിരുന്നു. അടിവസ്ത്രത്തിന്റെ കാര്യം പോലും അതായിരുന്നു. അതൊക്കെ പറയാന്‍ കൊള്ളുമോ ?

ഇത് വരെ ഒരു വേഷത്തിനും ഞാന്‍ പാകമായിട്ടില്ല. അല്ലെങ്കില്‍ വേഷങ്ങള്‍ എനിക്കും.

(ചിലതുണ്ട്. അത് പറയില്ല.)

കൂട്ടമണിയടിക്കുമ്പോള്‍ കൂക്കിവിളിച്ചോടുമായിരുന്നോ?

ഇല്ല

ഏതുവരെ പഠിച്ചു?

പഠിച്ചിട്ടെന്തായി?

ആറില്‍ തോറ്റു. അതേക്കുറിച്ച് ഒരു കവിതയുണ്ട്.

കണ്ണ്.

ഇ-യ്ക്ക് ശേഷം ആകെ എഴുതിയ ഒരു സ്കൂള്‍ കവിത.

അത് സ്കൂള്‍ വിട്ട് പോകുന്നുണ്ടോയെന്ന് വായിക്കുന്നവര്‍ പറയട്ടെ

കണ്ണ്

ഏതാണ്ട്‌ ഇത്‌ പോലൊരു
ദിവസമായിരുന്നു
രാമചന്ദ്രനെയും ശിവനേയും
പൊട്ടിമേരിയേയും ഒറ്റയ്ക്കാക്കി
ആറാം ക്ലാസ്സില്‍ പിന്നെയുമിരുത്തി
അവര്‍ 43 പേര്‍
7-A
യിലേക്ക്‌ വരിവരിയായിപ്പോയത്‌

അന്ന് വരാതിരുന്ന ആ കരച്ചില് ഇപ്പോള്‍ എവിടെ നിന്ന് വരുന്നു

രാമചന്ദ്രന്‍ അന്നു പണിക്കു പോയിരുന്നു

ശിവന്റെയമ്മ പിച്ചക്കാരിയായിരുന്നു
പൊട്ടിമേരിക്ക്‌ പേരില്‍ തന്നെയുണ്ടായിരുന്നു

എനിക്കെന്തിന്റെയായിരുന്നു കുറവ്‌

മീനാക്ഷി ടീച്ചര് ‍അന്ന് ചോദിച്ചതുമിതാണു
അമ്മയായിരുന്നുവെങ്കില്‍
ഒന്നു പോയെന്നെങ്കിലും
ഉത്തരം നല്‍കാമായിരുന്നു

മീനാക്ഷിടീച്ചറുടെ വലതു മുല
ക്യാന്‍സര്‍ വന്ന്
മുറിച്ചുകളഞ്ഞത്‌ പിന്നീടാണു

കണ്ണ്‍ പറ്റിയതാണു ടീച്ചറേ


ഉത്തരം ശരിയായെങ്കില്

മാര്‍ക്ക് തന്നെന്നെ ഏഴിലേക്ക് പറഞ്ഞുവിട്


തോറ്റതില്‍ പിന്നെ ഒന്നും പഠിച്ചില്ല.

ആ ഇത്തിരിയോളംപോന്ന വലിയസ്ക്കൂള്‍ ഇ എന്ന് കൊച്ചുപുസ്തകമാക്കിയപ്പോള്‍ നാണം വന്നില്ലെടാ കൊച്ചുപുസ്തകത്തിന്‌റെ എഴുത്തുകാരാ?

ഇ- പുസ്തകത്തിന്‍ വേണ്ടി പടമെടുക്കാന്‍ ഞങ്ങള്‍ , ഞാനും സുധാകരനും ജഗജീവന്‍ മാഷും ഐരാണിക്കുളം സ്കൂളില്‍ ചെന്നു. അതിലൊരുത്തന്‍ ചോദിക്കുവാ. അവാര്ഡൊക്കെ കിട്ടിയല്ലെ മാഷേ എന്ന്.

അപ്പോള്‍ നാണം വന്നു. എന്തിനാ നാണം വരുന്നേ അവാര്ഡ് കിട്ടിയതിന്

.............................................................................................................................................................

സ്ക്കൂള്‍ എത്ര വലുതാണ്

കുട്ടികള്‍ എത്ര വലുതാണ്

മാഷേ,ഈ കുട്ടിയാണ്‌ വളര്‍ന്നുവളര്‍ന്ന് ചെറുതായി ചെറുതായി ഒരു മരുഭൂമിയിലെത്തിയപ്പോള്‍ എന്നെ കാഫ്‌മരം കാണിച്ച്‌ കരയിച്ചത്‌.ഇവന്‌റെ ക്ളാസ്സിലിരിക്കാന്‍ എനിക്കു പേടിയാണ്‌ മാഷേ....



 
വീട്
ബ്ലോത്രം ഓണപ്പതിപ്പ് 2009